തുര്‍ക്കിയിലേക്ക് അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നത് ഇന്ന് പുനരാരംഭിക്കുംഹ

യൂറോപ്യന്‍ യൂണിയന്‍ കരാര്‍ പ്രകാരം അഭയാര്‍ത്ഥികളെ ഗ്രീസില്‍ നിന്നും തുര്‍ക്കിയിലേക്ക് തിരിച്ചയക്കുന്നത് ഇന്ന് പുനരാരംഭിക്കും. തിങ്കളാഴ്ച ആദ്യ സംഘം അഭയാര്‍ത്ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയച്ചിരുന്നു. എന്നാല്‍ ഗ്രീസില്‍ അഭയം തേടിയുള്ള അപേക്ഷകള്‍ അവസാന നിമിഷം എത്തിയതോടെ നടപടി നിര്‍ത്തിവയ്ക്കുകയായിരുന്നു. യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹം കുറയ്ക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന കരാര്‍ പ്രകാരമാണ് ഗ്രീസ് അയഭാര്‍ത്ഥികളെ തിരിച്ചയക്കുന്നത്.
ഇന്നും രണ്ടു ബോട്ടുകളിലായാണ് അഭയാര്‍ത്ഥികളെ തിരിച്ചയക്കുക. തിങ്കളാഴ്ച 200 അഭയാര്‍ത്ഥികളെ തുര്‍ക്കിയിലെത്തിച്ചിരുന്നു. ഇവരില്‍ ഏറെയും പാകിസ്താനികളാണ്. മാര്‍ച്ച് 20നു ശേഷം അനധികൃതമായി ഗ്രീസില്‍ എത്തിയ അഭയാര്‍ത്ഥികളെയാണ് തുര്‍ക്കിയിലേക്ക് മടക്കി അയക്കുക. അഭയം തേടിയുള്ള അപേക്ഷ സമര്‍പ്പിക്കാതിരിക്കുകയോ മതിയായ തെളിവുകളുടെ അഭാവത്തില്‍ അപേക്ഷ നിരസിക്കുകയോ ചെയ്യുന്നവരെയാണ് പുറന്തള്ളുന്നത്. തുര്‍ക്കിയിലേക്ക് അയക്കുന്ന ഓരോ സിറിയന്‍ അഭയാര്‍ത്ഥിക്കും പകരം നിയമപരമായി അപേക്ഷ നല്‍കുന്ന അഭയാര്‍ത്ഥികളെ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കും.
ഇന്ന് തുര്‍ക്കിയിലെത്തുന്ന സിറിയന്‍ ഇതര അഭയാര്‍ത്ഥികളെ ഡിപ്പോര്‍ട്ടേഷന്‍ സെന്ററുകളിലേക്ക് മാറ്റും. സിറിയന്‍ പൗരന്മാരെ അഭയാര്‍ത്ഥി ക്യാംപുകളിലായിരിക്കും താമസിപ്പിക്കുക. എന്നാല്‍ തുര്‍ക്കി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ യൂറോപ്യന്‍ യൂണിയന്‍ കരാര്‍ പാലിക്കാന്‍ കഴിയൂവെന്ന് തുര്‍ക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എര്‍ദോഗണ്‍ അറിയിച്ചു. 3.4ബില്യണ്‍ ഡോളര്‍ അധിക സഹായം, തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനം വേഗത്തിലാക്കണം, തുര്‍ക്കി പൗരന്മാര്‍ക്ക് വിസയില്ലാതെ ഷെങ്ഗണ്‍ മേഖലയില്‍ പ്രവേശിക്കാന്‍ അനുമതി തുടങ്ങിയ ആവശ്യങ്ങളാണ് തുര്‍ക്കി മുന്നോട്ടുവയ്ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha