ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസാ മേ നാളെ അധികാരമേല്‍ക്കും
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസാ മേ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ തെരേസയ്ക്കുണ്ടെന്നും അവര്‍ തന്നെയായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്നും ഡേവിഡ് കാമറോണ്‍ ഔദ്യോഗിക വസതിയായ പത്ത് ഡൗണിംഗ് സ്ടീറ്റില്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.
ഏക എതിരാളിയും ഊര്‍ജ മന്ത്രിയുമായ ആന്ദ്രിയാ ലീഡ്‌സം ഇന്നലെ അപ്രതീക്ഷിതമായി നേതൃമത്സരത്തില്‍നിന്നു പിന്മാറിയതാണ് തെരേസയുടെ സ്ഥാനലബ്ധിക്കു കാരണം. ഉരുക്കുവനിതയെന്നറിയപ്പെട്ടിരുന്ന മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതയാണ് 59കാരിയായ തെരേസ മേ.
ഇന്ന് അവസാനത്തെ കാബിനറ്റ് യോഗം ചേരുമെന്നും ബുധനാഴ്ച ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജ്ഞിക്ക് രാജിക്കത്തു നല്‍കുമെന്നും കാമറോണ്‍ അറിയിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ ബ്രിട്ടനെ മുന്നോട്ടു നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് തെരേസയെന്നു കാമറോണ്‍ പറഞ്ഞു.
ജൂണ്‍ 23ലെ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുപോവുന്നതിന്(ബ്രെക്‌സിറ്റ്) അനൂകൂലമായി ഭൂരിപക്ഷം പേര്‍ വിധിയെഴുതിയ സാഹചര്യത്തിലാണ് കാമറോണ്‍ പ്രധാനമന്ത്രി പദം ഒഴിയാന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ ഒമ്പതിനു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ നേതാവിനെ പ്രഖ്യാപിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ മത്സരരംഗത്തുണ്ടായിരുന്ന അഞ്ചുപേരില്‍ തെരേസാ മേ ഒഴിച്ചുള്ളവര്‍ മുഴുവന്‍ രംഗം വിട്ട സാഹചര്യത്തില്‍ മേയ്ക്ക് അധികാരക്കസേരയിലേക്കു വഴിതുറക്കുകയായിരുന്നു. 2020വരെ പാര്‍ലമെന്റിനു കാലാവധിയുള്ളതിനാല്‍ മറ്റൊരു തെരഞ്ഞെടുപ്പു നടത്താതെ കണ്‍സര്‍വേറ്റീവ് കക്ഷി നേതാവിനു പ്രധാനമന്ത്രിയാവാം.
വിജയസാധ്യതയില്ലാത്തതിനാല്‍ പിന്മാറുകയാണെന്നായിരുന്നു ലീഡ്‌സമിന്റെ പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞദിവസം നല്‍കിയ അഭിമുഖമാണ് അവര്‍ക്ക് വിനയായതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു അമ്മയെന്ന നിലയ്ക്ക് രാജ്യത്തിന്റെ ഭാവിയില്‍ തനിക്കാണ് മേയെക്കാള്‍ കൂടുതല്‍ താത്പര്യമെന്ന് അവര്‍ പറഞ്ഞു. തെരേസ മേയ്ക്ക് മക്കളില്ല.
https://www.facebook.com/Malayalivartha


























