ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാകിസ്താനിലെ കാമുകിയെ കാണാന്‍ പോയ ഇന്ത്യന്‍ എഞ്ചിനീയര്‍ നാലുവര്‍ഷമായി ജയിലില്‍!

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാക് പ്രണയിനിയെ കാണാന്‍ പോയി പാകിസ്താനില്‍ ജയിലിലായ യുവാവിന്റെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍. പ്രണയവും സാഹസവും സെന്റിമെന്‍സുമെല്ലാം നിറഞ്ഞ് ഒരു സിനിമാക്കഥയെ വെല്ലുന്ന സംഭവത്തില്‍ ഹമീദ് അന്‍സാരി എന്ന മുംബൈ എഞ്ചിനീയറുടെ മോചനം തേടി മാതാപിതാക്കളായ നെഹാലും ഫൗസിയ അന്‍സാരിയുമാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
നാലുവര്‍ഷമായി മകന്റെ ശബ്ദമെങ്കിലും കേള്‍ക്കാന്‍ കൊതിച്ച് കഴിയുന്ന മാതാപിതാക്കള്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ കുടില്‍ കെട്ടി ധര്‍ണ്ണ നടത്തി വരികയാണ്. അതിര്‍ത്തി ലംഘനം ചൂണ്ടിക്കാട്ടിയാണ് 2012 ല്‍ പാകിസ്താന്‍ ഹമീദിനെ ജയിലിലടച്ചത്. പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടത്താന്‍ മാതാപിതാക്കള്‍ ഒരുങ്ങുമ്പോഴായിരുന്നു മുപ്പത്തിയൊന്നുകാരനായ ഹമീദ് ഓണ്‍െലെനിലൂടെ പ്രണയത്തിലായ പെണ്‍കുട്ടിയെ കാണാന്‍ പാകിസ്താനിലേക്കു കടന്നതെന്നാണ് മുംബെയില്‍ കോളജ് അധ്യാപികയായ ഫൗസിയയുടെ വാക്കുകള്‍.
അഫ്ഗാനിസ്ഥാനിലായിരുന്ന ഹമീദ് 2012 നവംബറിലാണ് ഏറ്റവുമൊടുവില്‍ വിളിച്ചതെന്നും അധ്യാപനദൗത്യം ഏറ്റെടുക്കാന്‍ മുംെബെയിലേക്കു തിരിക്കുകയാണെന്നായിരുന്നു അന്നു പറഞ്ഞതെന്നും ഫൗസിയ ഓര്‍ക്കുന്നു. പിന്നീട് ഒരു വിവരവും കിട്ടിയില്ല. ഇക്കഴിഞ്ഞ ജനുവരിയിലാണു ഹമീദിനെ പാക് മിലിട്ടറി തടവിലാണെന്നറിയുന്നത്. പെഷവാര്‍ ഹൈക്കോടതിയില്‍ വന്ന ഹേബിയസ് കോര്‍പസ് ഹര്‍ജിക്കുള്ള മറുപടിയിലാണു പാക് സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയതുപോലും. മൂന്നു വര്‍ഷത്തെ തടവിനാണ് ഹമീദിനെ ശിക്ഷിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായി വര്‍ഷം ഒന്നു പിന്നിടുമ്പോഴും മോചനം എന്നുണ്ടാകുമെന്ന് ഒരു വിവരവുമില്ല.
മാത്രവുമല്ല, ഹമീദിന്റെ സഹായത്തിനായി പാകിസ്താനില്‍ ഇടപെട്ട സീനത്ത് ഷെഹ്‌സാദി എന്ന സ്ത്രീയെ അവിടുത്തെ ഏജന്‍സികള്‍ വേട്ടയാടുകയും ചെയ്തു. സീനത്ത് ഇപ്പോള്‍ ഒളിവിലാണ്. മകന്‍ ജയിലിലാണെന്ന വിവരം കിട്ടിയതോടെ ഫൗസിയയും ഭര്‍ത്താവും നിരവധി തവണ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ സന്ദര്‍ശിച്ചു. മകന്റെ മോചനത്തിനു കേണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു കത്തയയ്ക്കുകയും ചെയ്തു. സുഷമയെ കണ്ടപ്പോഴൊക്കെ നല്ല സഹകരണമാണ് മന്ത്രി കാട്ടിയതെന്നും ഫൗസിയ പറയുന്നു.
https://www.facebook.com/Malayalivartha
























