എയർ ഇന്ത്യയുടെ കടബാധ്യത 50,000 കോടിയിലേറെ; ഒാഹരികൾ വിൽക്കുന്നതായി അറിയിച്ചിട്ടും വാങ്ങാൻ ആളില്ല; വിൽക്കാനുള്ള പുതിയ തീയതി അവസാനത്തേതെന്ന് സിവിൽ ഏവിയേഷൻ

എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിൽക്കാനുള്ള അവസാന തിയതി ഇനി നീട്ടില്ലെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ.എൻ ചൗബേയ് അറിയിച്ചു. മുൻപ് മേയ് 14ന് അവസാനിക്കാനിരുന്ന തിയതി മെയ് 31 ലേക്ക് നീട്ടിയിരുന്നു. എന്നാൽ എയർ ഇന്ത്യയുടെ ഒാഹരികൾ വാങ്ങാനായി ആരും തന്നെ എത്തിയിരുന്നില്ല, ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
ഒാഹരികൾ വിൽക്കുന്നതിനായി വ്യോമയാന മന്ത്രാലയമാണ് താൽപര്യപത്രം ക്ഷണിച്ചത്. 76 ശതമാനം ഒാഹരിവിൽപനക്കൊപ്പം സ്ഥാപനത്തിന്റെ പൂര്‍ണനിയന്ത്രണം കൈമാറാനായിരുന്നു പദ്ധതി. മാനേജ്‌മെന്റിനോ ജീവനക്കാർക്കോ നേരിട്ടോ അല്ലെങ്കിൽ കൺസോർട്യം രൂപവത്കരിച്ചോ ഒാഹരിവിൽപനയിൽ പങ്കെടുക്കാമെന്നും ധാരണാപത്രമുണ്ടായിരുന്നു.
എയർ ഇന്ത്യയെ കൂടാതെ, ചെലവു കുറഞ്ഞ വിമാന സർവ്വീസായ എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ എസ്.എ.ടി.എസ് എയർപോർട്ട് സർവിസസ് എന്നീ കമ്പനികളുടെയും ഒാഹരികൾ കൈമാറാനുമായിരുന്നു തീരുമാനം. 50,000 കോടിയിലേറെ കടബാധ്യത വന്നതിനെ തുടർന്ന് 2017 ജൂണിലാണ് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി എയർ ഇന്ത്യ ഒാഹരി വിൽക്കാൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























