റഷ്യൻ മാധ്യമ പ്രവർത്തകൻ അർക്കാഡി ബാബ്ചെങ്കോ മരിച്ചിട്ടില്ല !; 'കൊലപാതകം' ആസൂത്രിത നാടകമായിരുന്നെന്ന് അർക്കാഡിയുടെ തുറന്നുപറച്ചിൽ

അറിയപ്പെടുന്ന പുടിൻ വിമർശകനായ റഷ്യൻ മാധ്യമ പ്രവർത്തകൻ അർക്കാഡി ബാബ്ചെങ്കോ വെടിയേറ്റു മരിച്ചെന്ന റിപ്പോർട്ടു പുറത്തുവന്ന് 24 മണിക്കൂറിനകം അദ്ദേഹം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ പ്രത്യക്ഷപ്പെട്ടു പത്രസമ്മേളനം നടത്തി. ടിവിയിലും ഇതു തത്സമയം സംപ്രേഷണം ചെയ്തു.
അർക്കാഡിയെ വകവരുത്താൻ റഷ്യ പദ്ധതി തയാറാക്കിയിരുന്നെന്നും ഇതു പൊളിക്കാനും അക്രമികളെ പിടികൂടാനുമായി യുക്രെയ്ൻ ഭരണകൂടം തന്നെയാണ് ഇത്തരമൊരു കൊലപാതക നാടകം ആസൂത്രണം ചെയ്തതെന്നു പത്രസമ്മേളനത്തിൽ പങ്കെടുത്ത യുക്രെയ്ൻ സുരക്ഷാ സർവ്വീസ് മേധാവി വാസിൽ ഗ്രിറ്റ്സാക് വെളിപ്പെടുത്തി. തന്റെ ‘മരണ’ത്തിൽ അനുശോചിച്ച എല്ലാവർക്കും അർക്കാഡി നന്ദി പറഞ്ഞു.
റൊട്ടി വാങ്ങാനായി താമസസ്ഥലത്തുനിന്നു പുറത്തിറങ്ങിയപ്പോൾ അക്രമികൾ അർക്കാഡിയെ വധിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. അദ്ദേഹത്തിന്റെ പുറത്തു മൂന്നു വെടിയേറ്റെന്നും ആശുപത്രിയിലേക്കുള്ള മാർഗമധ്യേ ആംബുലൻസിൽ മരിച്ചെന്നും യുക്രെയ്ൻ രാഷ്ട്രീയനേതാവ് ആന്റൺ ഗെരാഷെങ്കോ പറഞ്ഞു.
റഷ്യ നിയോഗിച്ച വാടകക്കൊലയാളികളാണ് ആക്രമണം നടത്തിയതെന്നും പ്രചാരണമുണ്ടായി. വെടിയേറ്റു കിടക്കുന്ന അർക്കാഡിയുടെ ഫോട്ടോകളും പുറത്തുവിട്ടിരുന്നു. ഇതിനുശേഷമാണ് കീവിൽ പത്രസമ്മേളനം നടത്തി ഇതെല്ലാം നാടകമായിരുന്നുവെന്നു വെളിപ്പെടുത്തലുണ്ടായത്. മുൻ സൈനികനും യുദ്ധകാര്യ റിപ്പോർട്ടറുമായ അർക്കാഡി ക്രെംലിന്റെ കടുത്ത വിമർശകനാണ്.
ക്രെംലിൻ വിരുദ്ധരെ വകവരുത്തുകയും യുക്രെയ്നിലും സിറിയയിലും യുദ്ധം അഴിച്ചുവിടുകയും ചെയ്യുന്ന റഷ്യൻ നയത്തെ രൂക്ഷമായി വിമർശിച്ച് അദ്ദേഹം നിരവധി റിപ്പോർട്ടുകളും ബ്ലോഗുകളും എഴുതിയിട്ടുണ്ട്. ജീവനു ഭീഷണിയുയർന്നതിനെത്തുടർന്ന് 2017ൽ റഷ്യ വിട്ട അർക്കാഡി ചെക്ക് റിപ്പബ്ളിക്കിലും ഇസ്രയേലിലും താമസിച്ചശേഷമാണ് കീവിലെത്തിയത്.
https://www.facebook.com/Malayalivartha


























