രണ്ടാം ലോകമഹായുദ്ധം ശേഷം അമേരിക്കയിലെ ആയുധ കമ്പനികളുടെ പ്രധാന വരുമാന മാര്‍ഗം ഇരുകൊറിയകളുമായിരുന്നു. അടുത്തിടെ ഉത്തര, ദക്ഷിണ കൊറിയകള്‍ സമാധാന ഉടമ്പടിയില്‍ ഒപ്പ് വെച്ചതോടെ പണി പാളിയ ട്രംപ് പുതിയ കൗശലവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്

ഉത്തരകൊറിയയുമായി സമാധാന കരാറില്‍ ഒപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ലോകമാധ്യമങ്ങള്‍ വാനോളം പുകഴ്ത്തുന്നു. എന്നാല്‍ സമാധാനം എന്ന പുറംമോടിയുടെ മറവില്‍ നടക്കാന്‍ പോകുന്നത് കോടികളുടെ ആയുധക്കച്ചവടമായിരിക്കുമെന്ന് നയതന്ത്രരംഗത്തെ ചില വിദഗ്ധര്‍ വിലയിരുത്തുന്നു. ശീതയുദ്ധകാലം മുതല്‍ ദക്ഷിണകൊറിയയുടെ തോളില്‍ കയ്യിട്ടുനടന്ന അമേരിക്ക ഒരു സുപ്രഭാതത്തില്‍ ഉത്തരകൊറിയന്‍ ഏകാധിപധി കിംജോങ് ഉന്നിന് മുന്നില്‍ സമാധാനത്തിന്റെ ഒലിവ് ചില്ലയുമായി പറന്നിറങ്ങിയിരിക്കുന്നു അതും സിംഗപ്പൂരില്‍. സമ്പൂര്‍ണ ആണവ നിരായൂധീകരണത്തിന് കിംജോങ് ഉന്‍ ഉറപ്പ് നല്‍കി. പകരം ഉത്തരകൊറിയയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ട്രംപ് ഉറപ്പ് നല്‍കി. എന്നാലത് എങ്ങനെയാണെന്ന് വ്യക്തമാക്കിയില്ല. ഇതാണ് ആയുധക്കച്ചവടത്തിനുള്ള നീക്കമാണ് ട്രംപ് നടത്തിയതെന്ന് നയതന്ത്രവിദഗ്ധര്‍ വിലയിരുത്താന്‍ കാരണം.
കച്ചവടം ഉറപ്പാക്കുന്നതിന് മുന്നോടിയായാണ് ദക്ഷിണകൊറിയയുമായി കൊറിയന്‍ ഉപദ്വീപില്‍ നടത്തുന്ന സംയുക്ത സൈനിക അഭ്യാസം നിര്‍ത്തുമെന്ന് ട്രംപ് ഉറപ്പ് നല്‍കിയത്. അതേസമയം ദക്ഷിണകൊറിയയെ പൂര്‍ണമായി പിണക്കാനും ട്രംപ് തയ്യാറായില്ല. അതുകൊണ്ടാണ് ഉത്തരകൊറിയക്കെതിരെയുള്ള സാമ്പത്തിക ഉപരോധം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്് വ്യക്തമാക്കിയത്. സോവിയറ്റ് യൂണിയന്‍ സഖ്യവും അമേരിക്കന്‍ ചേരിയും പതിറ്റാണ്ടുകള്‍ നീണ്ട ശീതസമരത്തിന്റെ ഉപയുദ്ധമെന്ന് പറയാവുന്നതായിരുന്നു 1950-53 ല്‍ ഇരുകൊറിയകളും തമ്മില്‍ നടന്നത്. ഒരുവശത്ത് സോവിയറ്റ് യൂണിയനെ പിന്തുണയ്ക്കുന്ന ഉത്തരകൊറിയയും മറുവശത്ത് യുഎസിനെ പിന്തുണയ്ക്കുന്ന ദക്ഷിണ കൊറിയയും. സോവിയറ്റ് യൂണിയനും ചൈനയും ഉത്തരകൊറിയയ്‌ക്കൊപ്പം നിന്നു. യുഎസ് ദക്ഷിണകൊറിയയ്ക്കും.
1953 ല്‍ യുദ്ധം അവസാനിച്ചെങ്കിലും ഇരുകക്ഷികളും തമ്മിലുള്ള യുദ്ധ വിരാമ ഉടമ്പടി ഉണ്ടാക്കിയില്ല. വെടിനിര്‍ത്തല്‍ കരാര്‍ മാത്രമാണുണ്ടാക്കിയത്. അതിനാല്‍ സാങ്കേതികമായി യുദ്ധം അവസാനിച്ചിട്ടില്ല. ഉത്തര, ദക്ഷിണ കൊറിയകള്‍ മുമ്പുണ്ടാക്കിയതും ഇപ്പോള്‍ അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ സിംഗപ്പൂരിലും സമാധാന കരാര്‍ ഒപ്പിട്ടതോടെ യുദ്ധം തീരുന്നതിനുള്ള ഉടമ്പടിക്കു സാധ്യതയായി. പക്ഷെ, മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായുടെ കൗശലമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇരുകൊറിയകളുമായും അടുത്ത ശേഷം രണ്ട് കൂട്ടര്‍ക്കും ആയുധം വില്‍ക്കുകയാണ് ട്രംപിന്റെ ലക്ഷ്യം.
ജപ്പാന്റെയും സൗത്ത് കൊറിയയുടെയും മേല്‍ എപ്പോള്‍ വേണമെങ്കിലും ആണവ മിസൈല്‍ എപ്പോള്‍ പതിക്കും എന്ന ആശങ്ക ലോക രാജ്യങ്ങള്‍ക്കുണ്ടായിരുന്നു. അതിന് അമേരിക്കന്‍ പ്രസിഡന്റ് അറുതിവരുത്തിയെന്നാണ് ലോകമാധ്യമങ്ങള്‍ പുകഴ്ത്തുന്നത്. ഇത് മാധ്യമങ്ങളുടെ കച്ചവട തന്ത്രമാണ്. മുമ്പ് ഇരുകൊറിയകളും തമ്മിലടിച്ചപ്പോള്‍ യുദ്ധഭീഷണിയാണ് മാധ്യമങ്ങള്‍ കച്ചവടം ചെയ്തത്. ആണവ യുദ്ധ ഭീഷണി , നിമിഷങ്ങള്‍ കൊണ്ട് എല്ലാം കത്തിച്ചാമ്പലാകും! തുടങ്ങിയ ഭീതിജനകമായ ബ്രേക്കിംഗ് ന്യൂസുകളാണ് ആഗോളമാധ്യമങ്ങള്‍ വിറ്റ് റേറ്റിംഗ് കുത്തതെ ഉയര്‍ത്തിയത്. ഒന്നും സംഭവിക്കില്ലെന്ന് മാധ്യമങ്ങള്‍ക്കും ലോകനേതാക്കള്‍ക്കും അറിയാം.
എന്നാല്‍ അമേരിക്കയുടെ ആയുധവിപണിയെ ബാധിച്ച മാന്ദ്യം അകറ്റണമെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ വേണം. ഇത് കണ്ട് ലോകം ഞെട്ടണം. ലോകനേതാക്കള്‍ മത്സരിച്ച് ആയുധങ്ങള്‍ വാങ്ങിക്കൂട്ടണം, അത്രതന്നെ. രണ്ടാം ലോകമഹായുദ്ധം ശേഷം അമേരിക്കയിലെ ആയുധവിപണി ഏറ്റവും കൂടുതല്‍ ആയുധം നിര്‍മിച്ചു കയറ്റുമതി ചെയ്തത് ഇരു കൊറിയകളിലേക്കുമാണ്. അടുത്തിടെ ഇരുകൊറിയയും സമാധാന ഉടമ്പടിയില്‍ ഒപ്പ് വെച്ചതോടെ പണി പാളിയ ട്രംപ് ചെന്നായുടെ കോട്ടുംധരിച്ച് ഇറങ്ങിയിരിക്കുകയാണ്. കൊറിയന്‍ മുട്ടനാടുകള്‍ പാവങ്ങളല്ലാത്തത് കൊണ്ട് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha
























