വരൻ മന്ത്രി, വധു ഐപിഎസും; പഞ്ചാബിൽ കല്യാണമേളം... 32കാരനായ ഹർജോത് സിങ് പഞ്ചാബ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയാണ്... സംസ്ഥാനത്തെ പ്രധാന ഐപിഎസ് ഓഫിസർമാരിൽ പ്രധാനിയാണ് 34കാരിയായ ജ്യോതി....
പഞ്ചാബിൽ മന്ത്രി-ഐപിഎസ് വിവാഹം. പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് ബെയ്ൻസാണ് ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ജ്യോതി യാദവിനെ വിവാഹം കഴിയ്ക്കുന്നത്. വിവാഹ നിശ്ചയ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നു. വിവാഹതീയതി ഉടൻ പുറത്തുവിടും. മാൻസയിലെ പൊലീസ് സൂപ്രണ്ട് ആണ് ഡോ. ജ്യോതി യാദവ്. രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹം നടക്കുമെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയാണ് 34 കാരിയായ ജ്യോതി. ദന്തരോഗവിദഗ്ദ്ധ കൂടിയാണ് ഇവർ. 2019 ബാച്ച് ഐപിഎസ് ഓഫീസറായ ഇവർ കുറച്ച് ദിവസം മുമ്പ് ആം ആദ്മി പാർട്ടിയുടെ ലുധിയാന സൗത്ത് എംഎൽഎ രജീന്ദർപാൽ കൗറുമായി പരസ്യമായി പ്രശ്നമുണ്ടായിരുന്നു. തന്റെ അധികാര പരിധിയിൽ തന്നെ അറിയിക്കാതെ റെയ്ഡ് നടത്തിയതിനാണ് എംഎൽഎ ജ്യോതിയുമായി ഉടക്കിയത്. സംഭവം വിവാദമായിരുന്നു.
പിന്നീട് ലുധിയാനയിൽ എസിപിയായി നിയമിക്കപ്പെട്ടു. പൊലീസ് കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് താൻ തിരച്ചിൽ നടത്തിയതെന്ന് ഇവർ വിശദീകരിച്ചു. ബഹുമാനം പരസ്പരമുള്ളതാകണം. പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് തിരച്ചിൽ നടത്തിയത്. ഞാൻ എന്റെ ജോലി ചെയ്യുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിന്നുള്ള നിർദ്ദേശങ്ങൾ എപ്പോഴും സ്വാഗതാർഹമാണ്. പക്ഷേ മോശം പെരുമാറ്റം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ജ്യോതി അന്ന് തുറന്നടിച്ചു.
ആനന്ദ്പൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് ആദ്യമായി എംഎൽഎയായാണ് 32കാരനായ ഹർജോത് ബെയ്ൻസ് മന്ത്രിയായത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിൽ ബിരുദാനന്തര നേടിയ ബെയിൻസ് ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദധാരിയാണ്. 2017ൽ ലുധിയാനയിലെ സനേവാൾ മണ്ഡലത്തിൽ നിന്ന് ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2022 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ, ആനന്ദ്പൂർ സാഹിബിൽ നിന്ന് 45,000 വോട്ടുകൾക്ക് കോൺഗ്രസിന്റെ മുതിർന്ന നേതാവ് റാണ കെ പി സിങ്ങിനെ പരാജയപ്പെടുത്തി.
മുഖ്യമന്ത്രി ഭഗവന്ത് മാന്റെ മന്ത്രിസഭയിൽ ജയിൽ, ഖനന മന്ത്രിയായി ബെയിൻസ് ചുമതലയേറ്റു. പുനഃസംഘടനയിൽ അദ്ദേഹത്തിന് വിദ്യാഭ്യാസ വകുപ്പ് ലഭിച്ചു. ഇത്തവണ അധികാരത്തിലിരിക്കെ വിവാഹം കഴിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ബെയിൻസ്. ജൂലൈയിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ ഡോ.ഗുർപ്രീത് കൗറിനെ വിവാഹം കഴിച്ചു.
https://www.facebook.com/Malayalivartha