പല ആവശ്യങ്ങൾ ഉന്നയിച്ച് നിരന്തരം കോടതിയെ സമീപിച്ച് കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടു പോകാൻ ദിലീപിന്റെ ശ്രമം ; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നീതിയുക്തമല്ലെന്നും തന്നെ കുടുക്കാന്‍ ഉദ്ദേശിച്ചുളളതുമാണെന്നാണ് ഹര്‍ജിയിലെ വാദം. നടിയെ വാഹനത്തില്‍ വച്ച് ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്തിയിട്ടില്ല, ലഭിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല, മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയില്‍ തന്റെ പേരില്ല, തന്നെ മനപ്പൂര്‍വ്വം കുടുക്കിയതാണ്, അതിനാല്‍ സിബിഐ അന്വേഷണം വേണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നടിയെ അക്രമിച്ച കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് നടൻ ദീലീപ് ശ്രമിക്കുന്നതെന്ന് സർക്കാർ ഹൈകോടതിയിൽ. വിചാരണ നീട്ടാനുള്ള തന്ത്രമാണ്. പല ആവശ്യങ്ങൾ ഉന്നയിച്ച് നിരന്തരം കോടതിയെ സമീപിക്കുകയാണ് ദിലീപ്. ഹർജികളാണ് കേസന്വേഷണം വൈകിപ്പിക്കാൻ ദിലീപ് കോടതിയിൽ നൽകിയത്. അന്വേഷണ ഏജൻസിയെ മാറ്റണമെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഏത് ഏജൻസി അന്വേഷിക്കണം, എങ്ങനെ വേണം എന്ന് പറയാൻ പ്രതിക്ക് അവകാശമില്ല. ഇരയെ ബുദ്ധിമുട്ടിപ്പിക്കാനാണ് ദിലീപ് ഹരജി നൽകിയത്. അതിനാൽ സി.ബി.ഐ അന്വേഷണമെന്ന ആവശ്യം തള്ളണമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17 നാണ് നടിയെ തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്കുളള യാത്രാമധ്യേ അത്താണിയില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. പിന്നീട് വാഹനത്തില്‍ എറണാകുളം നഗരത്തില്‍ ചുറ്റിക്കറങ്ങിയ സംഘം ഇവരെ ലൈംഗികമായും ആക്രമിച്ചുവെന്നാണ് കേസ്. സംഭവം കേരളത്തിലെ ആദ്യ ബലാത്സംഗ ക്വട്ടേഷന്‍ എന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha























