ഐസ് പ്ലാന്റില്‍ വെച്ച് മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടു വരുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ പോലുള്ള രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത് ഐസ് പ്ലാന്റുകളില്‍ വച്ചാണ്. മത്സ്യത്തില്‍ പ്രത്യേക മിശ്രിതം ചേര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു പ്രമുഖ ചാനലാണ് പുറത്തുവിട്ടത്.
വീട്ടിലെ സല്‍ക്കാരത്തിനായി രണ്ട് ബോക്‌സ് മീന്‍ നാഗപട്ടണത്ത് നിന്നും വാങ്ങിയെന്നും ഇതില്‍ ഇടാന്‍ ഐസ് വേണമെന്നും ആവശ്യപ്പെട്ടാണ് പ്രസ്തുത ചാനലിലെ റിപ്പോര്‍ട്ടമാര്‍ ഹാര്‍ബറിന് സമീപത്തെ ഐസ് പ്‌ളാന്റില്‍ എത്തിയത്.
തെന്‍മല വരെ കൊണ്ട് പോകേണ്ടതാണെന്നും വഴിയില്‍ ചില സാധനങ്ങള്‍ വാങ്ങാനുള്ളതിനാല്‍ താമസം ഉണ്ടാകുമെന്നും പറഞ്ഞതോടെ പ്രത്യേക ഐസ് തരാമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ഒരാള്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ലായനി വെള്ളത്തോടൊപ്പം ഉപ്പില്‍ ചേര്‍ത്ത് ഐസില്‍ ഒഴിക്കുകയായിരുന്നു.
കലര്‍ത്തിയത് ഫോര്‍മാലിന്‍ അല്ലേ എന്ന് അവര്‍ ചോദിച്ചതോടെ മാനേജര്‍ റിപ്പോര്‍ട്ടമാരെ പുറത്താക്കുകയായിരുന്നുവത്രേ. ബാഗില്‍ ഒളിപ്പിച്ച ക്യാമറ അവര്‍ കണ്ടെത്തുമെന്നായതോടെ റിപ്പോര്‍ട്ടര്‍മാര്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
അപ്പോഴും കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ പ്‌ളാന്റിന് മുന്നില്‍ ഐസിനായി കാത്തു കിടക്കുന്നത് കാണാമായിരുന്നു. പ്രത്യേക തരം ഐസാണ് കമ്പനിയില്‍ ലഭിക്കുന്നതെന്നും ഉപയോഗിച്ചാല്‍ മീന്‍ ചീത്തയാവില്ലെന്നും ഇവരില്‍ ഒരാള്‍ റിപ്പോര്‍ട്ടറോട് സാക്ഷ്യപ്പെടുത്തി.
https://www.facebook.com/Malayalivartha























