വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ നാലു വൈദികരുടേയും അറസ്റ്റ് വൈകും ; വീട്ടമ്മയുടെ പരാതിയിൽ ക്രൈംബ്രാഞ്ചിന് വിശ്വാസക്കുറവ് ; ക്രൈംബ്രാഞ്ച് ഐ.ജി.എസ് ശ്രീജിത്തിന്റെ തീരുമാനം കാതോലിക്കാ ബാവയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ നാലു വൈദികരുടെ അറസ്റ്റ് വൈകും. വീട്ടമ്മയുടെ പരാതിയിൽ വിശ്വാസക്കുറവ് അനുഭവപ്പെട്ട സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഐ.ജി.എസ് ശ്രീജിത്തിന്റെ തീരുമാനം.
കാതോലിക്കാ ബാവയെ കണ്ട ശേഷമാണ് ശ്രീജിത്ത് തീരുമാനം മാറ്റിയത്. വൈദികരെ അറസ്റ്റ് ചെയ്യും എന്ന ദൃഢനിശ്ചത്തിലായിരുന്നു ശ്രീജിത്ത്. എന്നാൽ പെട്ടെന്നാണ് നിലപാട് മാറ്റിയത്. കാതോലിക്കാ ബാവ തന്നെ കാണണമെന്ന് പറഞ്ഞതനുസരിച്ചാണ് താൻ വന്ന് കണ്ടതെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ സംഭവത്തിന്റെ വിശദാംശങ്ങൾ കാതോലിക്കാ ബാവയെ അറിയിക്കണമെന്ന് ഉന്നത ഭരണ നേതൃത്വം ശ്രീജിത്തിന് നിർദ്ദേശം നൽകിയിരുന്നു എന്നാണ് വിവരം.
കാതോലിക്കാ ബാവ ഇപ്പോഴുണ്ടായ സംഭവങ്ങളിൽ അസ്വസ്ഥനാണെന്നാണ് വിവരം. സഭയുടെ സത്പേര് കളഞ്ഞു കുളിച്ച വൈദികർക്കെതിരെ അദ്ദേഹം രോഷാകുലനാണ്. പക്ഷേ അവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനോട് താത്പര്യമില്ല. കാരണം വൈദികർ പിടിക്കപ്പെട്ടാൽ സഭ മുഴുവൻ മോശമാകും. അച്ചൻമാരെല്ലാം ഇത്തരക്കാരാണെന്ന തരത്തിൽ അപവാദങ്ങൾ വളരും. അതു കൊണ്ടു തന്നെ എങ്ങനെയെങ്കിലും പരാതി വ്യാജമാണെന്ന് തെളിയിക്കാനാണ് സഭക്ക് താത്പര്യം.
പരാതി വ്യാജമാകുന്നതിന് ഇടയുണ്ടെന്ന പോലീസിന്റെ സംശയത്തിന് അടിസ്ഥാനമുണ്ട്. ചിലപ്പോൾ ഇത്തരം പരാതികൾ പറയുന്നത് പണം ലക്ഷ്യമിട്ടായിരിക്കും. പണാപഹരണം ലക്ഷ്യമിട്ട് നൽകുന്ന പരാതികൾ മുമ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ പരാതിക്കാരികൾ കാലുമാറും. അപ്പോൾ കുഴയുന്നത് പോലീസായിരിക്കും. അത് അച്ചൻമാരുടെ കാര്യത്തിൽ സംഭവിക്കരുതെന്ന് പോലീസിന് നിർബന്ധമുണ്ട്.
അതേ സമയം തങ്ങളെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷ കോടതി അംഗീകരിച്ചിരുന്നില്ല. അറസ്റ്റ് ഒഴിവാക്കുന്നതിനാണ് അവർ ശ്രമിച്ചത്, എന്നാൽ അക്കാര്യങ്ങൾ പോലീസിന് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ഇതിനിടയിൽ വീട്ടമ്മയെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ഗണേശ് കുമാറിന്റെ കാര്യത്തിൽ നടന്നത് അതാണ്. ക്രൈസ്തവ മത വിശ്വാസികളാകുമ്പോൾ അതിനുള്ള സാധ്യത കൂടുതലാണ്. വിഷയത്തിൽ പള്ളിക്കാരും പട്ടക്കാരും ഇടപെടാൻ സാധ്യതയേറെയാണ്.
https://www.facebook.com/Malayalivartha























