കടകളില്‍ ദീര്‍ഘനേരം നിന്ന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലിക്കിടയില്‍ ഇരിക്കുന്നതിന് സൗകര്യം ഒരുക്കണമെന്ന് തൊഴില്‍ വകുപ്പ്, കല്യാണ്‍ ജൂവലറിയില്‍ ഉള്‍പ്പെടെ ഉണ്ടായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി

കടകളിലും ഹോട്ടല്‍, റസ്‌റ്റോറന്റ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാന്‍ 1960ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില്‍ ഭേദഗതി വരുത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച ബില്ലിന്റെ കരട് അംഗീകരിച്ചു. സെക്യൂരിറ്റി ഏജന്‍സികള്‍ വഴി ജോലിക്ക് നിയോഗിക്കപ്പെടുന്ന താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനും തീരുമാനിച്ചു. ഇതിനുവേണ്ടി തൊഴിലാളി എന്ന പദത്തിന്റെ നിര്‍വ്വചനം വിപുലപ്പെടുത്തും.
കടകളില്‍ ദീര്‍ഘനേരം നിന്നുകൊണ്ട് ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് ജോലിക്കിടയില്‍ ഇരിക്കുന്നതിന് സൗകര്യം ഒരുക്കണമെന്ന് തൊഴില്‍ വകുപ്പ്. ലൈംഗിക പീഡനം തടയാനുളള കര്‍ശന വ്യവസ്ഥകളും കരട് ബില്ലിലുണ്ട്. നിയമലംഘനങ്ങള്‍ക്കുള്ള പിഴ തുക വര്‍ദ്ധിപ്പിക്കുന്ന വ്യവസ്ഥയും ഭേദഗതി ചെയ്തു. വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപന ഉടമകള്‍ക്കുള്ള പിഴ തുക (ഓരോ വകുപ്പിനും) 5000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. ആവര്‍ത്തിച്ച് നിയമ ലംഘനം നടത്തുന്നവര്‍ക്കുള്ള പിഴ തുക 10000 രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയാവും. എന്നാല്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു തൊഴിലാളിക്ക് 2500 എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക.
ഏജന്‍സികള്‍ വഴി റിക്രൂട്ട് ചെയ്യുന്ന ഏതുവിഭാഗം തൊഴിലാളികളെയും തൊഴിലാളി എന്ന നിര്‍വ്വചനത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയുന്ന തരത്തില്‍ കൂടുതല്‍ വിഭാഗങ്ങളെ വിജ്ഞാപനത്തിലൂടെ തൊഴിലാളി എന്ന പദത്തിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നതാണ് പുതിയ ഭേദഗതിയിലെ മറ്റൊരു വ്യവസ്ഥ. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ പൂര്‍ണമായി അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി.
സ്ത്രീ തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ, താമസസ്ഥലത്തേക്കുള്ള യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തുക്കൊണ്ട് രാത്രി ഒന്‍പത് വരെ തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്ന ഭേദഗതി. നിലവില്‍ വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ ആറ് വരെ സ്ത്രീതൊഴിലാളികളെ ജോലിചെയ്യിക്കാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. എന്നാല്‍ ഏഴ് മണിക്കുശേഷം രണ്ട് സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ അഞ്ച് തൊഴിലാളികള്‍ അടങ്ങുന്ന ഗ്രൂപ്പ് ആയി മാത്രമേ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാവൂ എന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈഗിംക അതിക്രമങ്ങള്‍ തടയന്നതിന് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമത്തില്‍ V അദ്ധ്യായത്തിനുശേഷം V A എന്ന പുതിയ ഒരു അദ്ധ്യായം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം സ്ഥാപന ഉടമ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ ഇലക്‌ട്രോണിക് ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്നതിന് സ്ഥാപന ഉടമയ്ക്ക് അനുമതി നല്‍കുന്ന വ്യവസ്ഥ.
https://www.facebook.com/Malayalivartha























