പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ്: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്ന് വ്യക്തമായതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്

പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റ കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്ന് വ്യക്തമായതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ടെലിഫോണ്‍ രേഖകളില്‍ നിന്നാണ് ഇത് വ്യക്തമായതെന്നും കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ക്രൈബ്രാഞ്ച് കോടതിയെ അറിയിച്ചു. എഡിജിപിയുടെ മകള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍നിന്ന് വ്യക്തമാകുന്നത്.
അതിനിടെ, ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി. എഡിജിപിയുടെ മകള്‍ തനിക്കെതിരെ നല്‍കിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി ജൂലായ് 17ലേക്ക് മാറ്റി.
എഡിജിപിയുടെ മകളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗവാസ്‌കര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിലെ കശേരുക്കള്‍ക്ക് പരിക്കേറ്റുവെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തിരുന്നു. സംഭവത്തില്‍ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.
തൊട്ടുപിന്നാലെ ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപിയുടെ മകളും രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ നല്‍കിയ പരാതി ദുര്‍ബലപ്പെടുത്താനാണ് തനിക്കെതിരെ വ്യാജപരാതി നല്‍കിയതെന്നു കാണിച്ചാണ് ഗവാസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha























