പുരാണത്തിലെ അഭിമന്യുവിന് ചക്രവ്യൂഹത്തിന് അകത്ത് കയറാന്‍ സാധിച്ചു. പക്ഷേ തിരിച്ചിറങ്ങാന്‍ കഴിഞ്ഞില്ല ; അഭിമന്യുവിന്റെ ഓര്‍മകള്‍ പങ്കുവച്ച് ജീവിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോ

എറണാകുളം മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ ഓര്‍മകളിൽ മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിന്റെ ജീവനെടുത്തപ്പോള്‍ സൈമണ്‍ ബ്രിട്ടോയ്ക്ക് നഷ്ടപ്പെട്ടത് സന്തത സഹചാരിയെ.
അവധി ദിവസങ്ങളില്‍ അഭിമന്യു സൈമണ്‍ ബ്രിട്ടോയ്‌ക്കൊപ്പമായിരുന്നു. എഴുത്തില്‍ അദ്ദേഹത്തെ സഹായിച്ചിരുന്നത് അഭിമന്യുവായിരുന്നു. ‘ഭാഷാപോഷിണി’ക്കു വേണ്ടി എഴുതിയ ‘യാത്ര’ എന്ന ലേഖനം പൂര്‍ത്തിയാക്കാന്‍ സഹായിക്കാനെത്തിയതായിരുന്നു അഭിമന്യു. ബന്ധം ശക്തമാകാനുള്ള പ്രധാന കാരണം അഭിമന്യു വീട്ടില്‍ താമസിക്കുമെന്നതായിരുന്നു. തമിഴ് മീഡിയം ആയിരുന്നെങ്കിലും അഭിമന്യു മലയാളം നന്നായിട്ട് എഴുതും. വീട്ടിലെ ഒരു അംഗത്തെപ്പോലെയായിരുന്നു.
എന്റെ കൂടെ കിടന്ന് ഉറങ്ങും. എനിക്ക് വീല്‍ ചെയര്‍ തള്ളി തരും. ഞാന്‍ എപ്പോഴും പറയുമായിരുന്നു പുരാണത്തിലെ അഭിമന്യുവിന് ചക്രവ്യൂഹത്തിന് അകത്ത് കയറാന്‍ സാധിച്ചു. പക്ഷേ തിരിച്ചിറങ്ങാന്‍ കഴിഞ്ഞില്ല എന്ന്. വളരെ നിഷ്കളങ്കനായിരുന്നു അവന്‍. എല്ലാവരോടും സ്നേഹമാണ് അവന്. ക്യാംപസിലെ ഒരാളെ കുറിച്ചും മോശമായി പറഞ്ഞിട്ടില്ല. ‘സര്‍ ഇതെഴുതി അവാര്‍ഡ് ഒക്കെ കിട്ടുമ്പോള്‍ എന്നെ ഓര്‍ക്കുമോ. എന്റെ പേരും കൂടി പറയണേ അതില്‍’ എന്നൊക്കെ എപ്പോഴും പറയുമായിരുന്നു.
പച്ചക്കറിയില്‍ വിഷം തളിക്കുന്ന നാടല്ലേ നിന്‍റേതെന്നു കളിപറയുമ്പോള്‍ ഞാന്‍ വട്ടവടയിലെ സയന്റിസ്റ്റ് ആയിട്ട് വരുമെന്ന് അവന്‍ പറയുമായിരുന്നു. എപ്പോഴും സന്തോഷവാനായിരിക്കുന്ന പ്രകൃതം. എല്ലാ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും അവനെ ഇഷ്ടമാണ്...’ എന്ന് സൈമൺ ബ്രിട്ടോ അഭിമന്യുവിനെ പറ്റി ഓർക്കുന്നു.
https://www.facebook.com/Malayalivartha























