കലക്കവെള്ളത്തിൽ ചൂണ്ടയിട്ട് ബി ജെ പി; മഹാരാജാസ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ എസ് ഡി പി ഐയെ കേരളത്തിൽ നിരോധിക്കാൻ സർക്കാരിന്റെ പിന്തുണ പ്രതീക്ഷിച്ച് കേന്ദ്രം കരുക്കൾ നീക്കുന്നു

മഹാരാജാസ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ എസ് ഡി പി ഐയെ കേരളത്തിൽ നിരോധിക്കാൻ കേരള സർക്കാരിന്റെ പിന്തുണ പ്രതീക്ഷിച്ച് കേന്ദ്രം കരുക്കൾ നീക്കുന്നു.നേരത്തെയും കേന്ദ്രം ഇത്തരത്തിൽ നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും അന്ന് കേരള സർക്കാരിന്റെ പിന്തുണ ലഭിച്ചിരുന്നില്ല. യു ഡി എഫ് ഭരിച്ചാലും എൽ ഡി എഫ് ഭരിച്ചാലും എസ് ഡി പി ഐ യെ പിണക്കാൻ തയ്യാറാവുകയില്ല.
ലീഗിന് അവരുടെ പ്രവർത്തകരെയാണ് ഭയം, പലരും ലീഗിനോട് മമത പുലർത്തുമ്പോൾ തന്നെ എസ്ഡിപിഐവുമായി ചേർന്നു നിൽക്കുന്നവരാണ്. ലീഗിന്റെ മധ്യമനിലപാടുകളാണ് പലപ്പോഴും വിനയായി തീർന്നിട്ടുള്ളത്. കുത്തും കൊലപാതകവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അഭിരമിക്കാൻ ലീഗ് തയ്യാറല്ല.
പ്രൊഫ.റ്റി ജെ ജോസഫിന്റെ കൈവെട്ട് നടക്കുമ്പോൾ തന്നെ എസ്ഡിപിഐയെ നിരോധിക്കാൻ കേന്ദ്ര സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ നടന്നില്ല. നിരോധനം അത്ര എളുപ്പമല്ല എന്നതാണ് കാരണം. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതുമുതൽ അവർ അതിനു വേണ്ടി ശ്രമം തുടങ്ങി. അപ്പോഴൊക്കെ എസ് ഡി പി ഐയോട് മൃദു സമീപനമാണ് ഇടതു മുന്നണി സ്വീകരിച്ചത്. ഇടതിന്റെ മർക്കടമുഷ്ടിക്ക് മുന്നിൽ ബിജെപിക്ക് തോറ്റു കൊടുക്കേണ്ടി വന്നു.
ഇപ്പോൾ സംജാതമായിരിക്കുന്നത് ഏറ്റവും ഉത്തമമായ മുഹൂർത്തമാണെന്നും കേരളത്തിൽ നിന്ന് വർഗീയത ചെറുക്കാൻ ഇതുവഴി കഴിയുമെന്നും ബി ജെ പി വിശ്വസിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേരളത്തിലെ ബി ജെ പി നേതാക്കൾ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ സർക്കാർ ഭരിക്കുമ്പോൾ ഒരു എസ് എഫ് ഐ നേതാവ് സി പി എമ്മിന്റെ കോട്ടയിൽ കൊല്ലപ്പെട്ടത് സി പി എമ്മിന് വലിയ അടിയായി മാറി യിരിക്കുകയാണ്. അതു കൊണ്ടു തന്നെ വർഗീയത അവസാനിപ്പിക്കണമെന്ന് ഇടതു മുന്നണി കരുതുന്നു.
എന്നാൽ സി പി എം കേന്ദ്രത്തിന്റെ നീക്കത്തിന് ഓശാന പാടുമോ എന്ന് കണ്ടറിയണം. കാരണം അവർക്ക് തെരഞ്ഞടുപ്പ് ഗോദയിൽ എസ് ഡി പി ഐ യെ വേണം. മുസ്ലിം വോട്ടുകൾ ഇടതിന്റെ പെട്ടിയിലാക്കാൻ അവർ ലക്ഷ്യമിടുന്നത് എസ് ഡി പി ഐ യെയാണ്. ലീഗിന്റെ വോട്ടുകൾ തങ്ങൾക്ക് കിട്ടില്ലെന്ന് അവർക്കറിയാം. ലീഗ് ആകട്ടെ ഭയപ്പെടുന്നത് എസ് ഡി പി ഐ യെയാണ്.
തിരുവനന്തപുരത്തെ വെമ്പായത്ത് എസ് ഡി പി ഐയുമായി ചേർന്ന് പഞ്ചായത്തിൽ സി പി എം ഭരണം നിലനിർത്തിയത് മഹാരാജാസ് സംഭവത്തിന് ശേഷമാണ്. ഇതിൽ നിന്നു തന്നെ സി പി എം പറയുന്ന കാര്യങ്ങളിൽ യാതൊരു ആത്മാർത്ഥതയുമില്ലെന്ന് മനസിലാക്കാം. മഹാരാജാസിലെ സംഭവത്തിനു ശേഷം ഇത്തരമൊരു കൂട്ട് വേണമായിരുന്നോ എന്ന് ഒരു സി പി എം നേതാവ് പോലും ഇതുവരെ ചോദിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























