സംസ്ഥാനത്ത് മഴക്കെടുതി അവസാനിക്കുന്നില്ല.. മൂന്ന് ദിവസത്തിനിടെ 23 മരണം, കോട്ടയം ആലപ്പുഴ ജില്ലകളില്‍ മഴക്കെടുതി രൂക്ഷം, മീനച്ചിലാര്‍ അപകടരേഖയ്ക്ക് മുകളിലായതോടെ കോട്ടയത്ത് അതീവ ജാഗ്രത

സംസ്ഥാനത്ത് മഴക്കെടുതി അവസാനിക്കുന്നില്ല. ശക്തമായ മഴ കാരണം ഇന്ന് മാത്രം പതിനൊന്ന് പേരാണ് സംസ്ഥാനത്ത് മരിച്ചത്. മൂന്ന് ദിവസത്തിനിടെ 23 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. മഴ കുറഞ്ഞെങ്കിലും കോട്ടയം, ആലപ്പുഴ ജില്ലകളില്‍ മഴക്കെടുതി രൂക്ഷമാണ്. മീനച്ചിലാര്‍ അപകടരേഖയ്ക്ക് മുകളിലായതോടെ കോട്ടയത്ത് അതീവ ജാഗ്രത തുടരുകയാണ്.
കനത്ത മഴയില്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകളും ഒറ്റപ്പെട്ടു അതേസമയം, കാലവര്‍ഷക്കെടുതി മൂലമുള്ള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിന് കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടു.
വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിവ മൂലം സംസ്ഥാനത്തെ 27,000ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്. കൂടാതെ മഴക്കെടുതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. കൃഷി, റവന്യൂ, ധനകാര്യ സെക്രട്ടറിമാരുടെ അഭിപ്രായം ആരാഞ്ഞ ശേഷമാകും ചീഫ് സെക്രട്ടറി അന്തിമ റിപ്പോര്‍ട്ട് നല്‍കുക. ദുരിതബാധിതര്‍ക്കുള്ള ധനസഹായം എത്രയും പെട്ടെന്ന് വിതരണം ചെയ്യാനും മന്ത്രിസഭ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണത്തിന് സംസ്ഥാനം 118 കോടി രൂപ കൂടി അനുവദിച്ചു.
https://www.facebook.com/Malayalivartha






















