സംസ്ഥാനത്ത് ഇനി അഞ്ചുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം... മഴയ്‌ക്കൊപ്പം കനത്ത കാറ്റിനും സാധ്യത, മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മറ്റന്നാള്‍ വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നും മണ്‍സൂണ്‍ സംസ്ഥാനത്ത് ശക്തിപ്രാപിച്ചെന്നും കനത്തമഴയ്ക്ക് കാരണം ഒഡീഷ തീരത്തെ അന്തരീക്ഷ ചുഴിയാണെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 കി.മി വരെ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.
മഴ വളരെയധികം ശക്തിയായതോടെ തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനുകള്‍ വൈകുന്നു. തിരുവനന്തപുരം റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതോടെയാണ് ട്രെയിന്‍ ഗതാഗതം താറുമാറായി.
ഇടുക്കിയില്‍ ശക്തി കുറഞ്ഞെങ്കിലും മഴ തുടരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും തുടരുന്നുണ്ട്. 2395.38 അടി ആണ് നിലവിലെ ജലനിരപ്പ്. 2395 അടി എത്തിയപ്പോഴാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 2397 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ മാത്രമേ ഷട്ടര്‍ തുറക്കാനുള്ള ട്രെയല്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുകയുള്ളു എന്നും അധികൃതര്‍ വ്യക്തമാക്കി. 2399 അടിയിലേക്ക് ജലനിരപ്പെത്തിയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്നും തുടര്‍ന്നായിരിക്കും ഷട്ടറുകള്‍ തുറക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























