ലോകത്തിലെ തന്നെ ആദ്യ പരിപാടി സംസ്ഥാനം ആരംഭിക്കുന്ന നൂതന പോഷകാഹാര പദ്ധതി

സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി നാഷണല്‍ ന്യൂട്രീഷ്യന്‍ അഥവാ പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച പുതിയ പദ്ധതിയാണ് സമ്പുഷ്ട കേരളം. ഒക്‌ടോബര്‍ 15 ന് ലോക ഭക്ഷ്യദിനത്തിലാണ് പോഷണ്‍ അഭിയാന്‍ പദ്ധതി ആരംഭിക്കുന്നത്. ലോകത്തിലെ തന്ന ആദ്യ പരിപാടിയാണിത്. പൊതുജനങ്ങളില്‍ വിളര്‍ച്ച ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക. കേരളത്തില്‍ മുലയൂട്ടല്‍, അമിത വണ്ണം തടയുക എന്നി രണ്ട് ലക്ഷ്യങ്ങള്‍ കൂടി ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.
ഇനുസരിച്ച് ഇന്ത്യയിലെ എല്ലാ അംഗന്‍വാടികളിലേയും അങ്കന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്കും സ്മാര്‍ട് ഫോണുകള്‍ ലഭ്യമാക്കും. ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരണങ്ങളും ഫോണിലെ ആപ്ലിക്കേഷന്‍ വഴി വര്‍ക്കര്‍ നല്‍കേണ്ടതുണ്ട്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ അങ്കണവാടിയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന 11 രജിസ്റ്ററുകളും നിര്‍ത്തലാക്കും. കേരളത്തില്‍ ഇതിനായി ആദ്യഘട്ടത്തില്‍ 8500 ഫോണുകളാണ് വാങ്ങുന്നത്. കുട്ടികളുടെ തൂക്കവും ഉയരവും എടുക്കാനുള്ള സ്റ്റെഡിയോ മീറ്റര്‍ നല്‍കുകയും ചെയ്യുന്നു. ഇതനുസരിച്ച് അതാതു ദിവസം ക്രമാനുഗതമായി കുട്ടികളുടെ ഭാരമെടുത്ത് കേന്ദ്രീകൃത സര്‍വറിലേക്ക് അപ് ലോഡ് ചെയ്യുന്നു.
സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ആഹാര രീതികളെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. കേരളത്തിലെ ജനങ്ങള്‍ കഴിക്കുന്ന ആഹാരത്തില്‍ അന്നജത്തിന്റെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ പ്രമേഹവും പൊണ്ണത്തടിയും വല്ലാതെ ബാധിക്കുന്നു. ഇന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രമേഹ ബാധിതരുള്ളത്. ഈ പദ്ധതിയില്‍ പ്രാദേശികമായി ലഭ്യമാകുന്ന പച്ചക്കറികള്‍, ഇലക്കറികള്‍, പപ്പായ, ചക്ക, വാഴപ്പഴം എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണ രീതിയാണ് നടപ്പിലാക്കുന്നത്.
ജനനം മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള പൊക്കം ഇല്ലായ്മ തടയുകയും കുറയ്ക്കുകയും ചെയ്യുക, ജനനം മുതല്‍ 6 വയസ്സുവരെയുളള കുട്ടികളിലെ പോഷണക്കുറവ് (തൂക്കക്കുറവ്) തടയുകയും കുറയ്ക്കുകയും ചെയ്യുക, 6 മാസം മുതല്‍ 59 മാസം വരെയുള്ള കുട്ടികളിലെ നിലവിലുള്ള വിളര്‍ച്ചാ നിരക്ക് കുറയ്ക്കുക, 15 വയസ്സ് മുതല്‍ 49 വയസുവരെയുള്ള സ്ത്രീകളിലും കൗമാരക്കുട്ടികളിലും ഉള്ള വിളര്‍ച്ചാ നിരക്ക് കുറയ്ക്കുക, ജനനതൂക്കക്കുറവ് പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമ്പുഷ്ട കേരളം നടപ്പാക്കുന്നത്. മുലപ്പാല്‍ മാത്രം നല്‍കല്‍ നിരക്ക് 53.3%ല്‍ നിന്നും 65% ആയി വര്‍ദ്ധിപ്പിക്കുക, സ്ത്രീകളിലേയും കുട്ടികളിലേയും അമിതഭാരവും അമിതവണ്ണവും 4% കുറയ്ക്കുക എന്നിവയും സമ്പുഷ്ട കേരളം ലക്ഷ്യം വയ്ക്കുന്നു.
ആദ്യഘട്ടത്തില്‍ വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിലെ 8534 അങ്കണവാടികളാണ് ഗുണഭോക്താക്കള്‍. ആറ് മാസം മുതല്‍ 3 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിലവില്‍ ടിഎച്ച്ആര്‍എസ് പൊടിയാണ് വിതരണം ചെയ്യുന്നത്. ഇതിനു പകരം ഫ്‌ളേവര്‍ ചേര്‍ത്ത് ഫോര്‍ട്ടിഫിക്കേഷന്‍ നടത്തി ബിസ്‌കറ്റ്, കുക്കീസ് തുടങ്ങിയ രൂപത്തില്‍ മാറ്റം വരുത്തുന്നതാണ്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് ടിഎച്ച്ആര്‍ രൂപത്തില്‍ മുരിങ്ങയില, പപ്പായ, ചക്ക, വാഴപ്പഴം, അയണ്‍ ഫോളിക് ആസിഡ് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് റെഡി ടു ഈറ്റ് ഫുഡ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.
പദ്ധതിയുടെ വിജയത്തിനായി ആരോഗ്യം, ശുചിത്വം, കുടിവെള്ളം, ഗ്രാമവികസനം, പഞ്ചായത്ത് രാജ്, വിദ്യാഭ്യാസ വകുപ്പ്, നാഷണല്‍ ന്യൂട്രീഷന്‍ ബോര്‍ഡ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ 22 വകുപ്പുകളുമായി ഏകോപിപ്പിക്കുവാനും ലക്ഷ്യമിടുന്നു.
കേരളത്തില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ ജില്ലകളിലും 2018-19 ല്‍ കാസര്‍കോഡ് ജില്ലയിലുമായി 4 ജില്ലകളിലായി ഈ പദ്ധതി ഉടന്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. അടുത്ത വര്‍ഷം പദ്ധതി മുഴുവന്‍ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി ഒരു കണ്‍വര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയാണ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോകുക.
ആദ്യാമൃതം ക്യാംപയിന്‍
പൊതുജനങ്ങളില്‍ പ്രത്യേകിച്ച് അമ്മമാരിലും അമ്മമാരാകാന്‍ പോകുന്നവരിലും മുലയൂട്ടലിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ആദ്യാമൃതം ക്യാംപയിനും തുടക്കമാകുന്നു. അദ്യാമൃതം പദ്ധതിയുടെ ലോഗോ പ്രകാശനം, സോഷ്യല്‍ മീഡിയ ക്യാംപയിന്‍, എന്‍.എച്ച്.എം. പോസ്റ്റര്‍ പ്രകാശനം എന്നിവയും ഇതോടൊപ്പം നടത്തുന്നു. കഴിഞ്ഞ നവംബറിലാണ് സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായിരുന്ന വനിതാ ശിശു വികസന വകുപ്പ് പ്രത്യേക വകുപ്പായത്. വനിതകളുടെ വികസനത്തില്‍ വലിയ കുതിച്ചു ചാട്ടമാണുണ്ടായത്.
മുലയൂട്ടലിന്റെ പ്രാധാന്യം മനസിലാക്കിക്കുന്നതിനാണ് ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. ലോകാരോഗ്യസംഘടന, യൂണിസെഫ് തുടങ്ങിയവയുടെ സഹകരണത്തോടെ മുലയൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഗോള സഖ്യമാണ് വാരാചരണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുള്‍പ്പെുടെ 170 രാഷ്ട്രങ്ങളില്‍ ഏകോപിപ്പിക്കുന്നത്. 1991 മുതലാണ് ഈ വാരാചരണം ആരംഭിച്ചത്.
സാക്ഷരതരെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ പോലും ജനിച്ച് ആദ്യമണിക്കൂറിനുള്ളില്‍ മുലപ്പാല്‍ കൊടുക്കുന്ന അമ്മമാരുടെ എണ്ണം നാഷണല്‍ ഫാമിലി റിപ്പോര്‍ട്ട് അനുസരിച്ച് കേവലം 53 ശതമാനം മാത്രമാണ്. ഏറ്റവും കുറഞ്ഞത് 6 മാസം മുലയൂട്ടുക. കഴിയുമെങ്കില്‍ മുലയൂട്ടല്‍ 2 വര്‍ഷം വരെ തുടരുക എന്നതിലും കേരളം പിന്നാക്കം നില്‍ക്കുകയാണ്. ഇതുപോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഗര്‍ഭകാലാവസ്ഥയില്‍ മുലയൂട്ടുന്നതിന് ആവശ്യമായ പ്രത്യേക പരിചരണം. ഇതിന് പ്രാധാന്യം നല്‍കുകയും കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അമ്മമാര്‍ നിര്‍ബന്ധമായും മുലയൂട്ടണം എന്ന ലക്ഷ്യത്തോടെയുള്ള ആദ്യമൃതം ക്യാംപയിനും തുടക്കമാകുന്നു.
ഇതിന്റെ ഭാഗമായി ഈ ഒരാഴ്ച കാലം എല്ലാ ബസ് സ്റ്റാന്റുകളിലും പൊതു സ്ഥലങ്ങളിലും അമ്മമാര്‍ക്ക് മുലയൂട്ടാന്‍ ആവശ്യമായ താത്ക്കാലിക റൂം ഒരുക്കിക്കൊടുക്കണം. പല സ്ഥലങ്ങളിലും സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ഇത് സ്ഥാപിച്ചിട്ടുണ്ട്. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ അമ്മമാര്‍ക്ക് സ്വസ്ഥമായി മുലയൂട്ടാനുള്ള സൗകര്യമൊരുക്കും.
മുലയൂട്ടലിന്റെ പ്രാധാന്യം വിളിച്ചോതുന്ന മെഗാ സോഷ്യല്‍ മീഡിയ ക്യാംപയിന് ആഗസ്റ്റ് 1 ന് തുടക്കം കുറിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് ഫേസ്ബുക്ക്, വാട്‌സ് ആപ്, ട്വിറ്റര്‍ എന്നിവയിലൂടെ വീഡിയോ, ഓഡിയോ സന്ദേശം 10 ലക്ഷത്തോളം പേരിലെത്തിക്കുകയാണ് ലക്ഷ്യം. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നീ ഗ്രൂപ്പുകളെ ലക്ഷ്യം വച്ചാണ് ഈ ക്യാംപയിന്‍. 71,500ത്തോളം വരുന്ന അംഗന്‍വാടി ജീവനക്കാരിലൂടെയാണ് സന്ദേശം ഈ ഗ്രൂപ്പുകളിലെത്തിക്കുന്നത്. 3 വര്‍ഷം തുടര്‍ച്ചയായി വീഡിയോ, ഓഡിയോ, പോസ്റ്റര്‍ തുടങ്ങി വിവിധങ്ങളായ സന്ദേശം എത്തിക്കുന്നു. ഇതോടൊപ്പം എന്‍.എച്ച്.എമ്മിന്റെ അവബോധ പോസ്റ്ററുകളും വിതരണം ചെയ്യും. ഓരോ അംഗന്‍വാടി പ്രവര്‍ത്തയും ഒരു വാട്‌സ് ആപ് മെസേജെങ്കിലും അയക്കണം.
ലോക മുലയൂട്ടല്‍ വാരാചരണം
വനിത ശിശുവികസന വകുപ്പ് ദേശീയ ആരോഗ്യ മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മുലയൂട്ടല്‍ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 1 ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. എം എല്‍എ അഡ്വ. വി എസ് ശിവകുമാര്‍ അദ്ധ്യക്ഷത വഹിക്കും.
കേരളത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് മുലയൂട്ടല്‍ വാരാചരണം നടക്കുന്നത്. 'മുലയൂട്ടല്‍ ജീവന്റെ ആധാരം' എന്നതാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്റെ പ്രമേയം.
എല്ലാ അമ്മമാരും കുഞ്ഞുങ്ങളെ മുലയൂട്ടണം എന്നതുമാത്രമല്ല വാരാചരണത്തിന്റെ ലക്ഷ്യം. മുലയൂട്ടലിന്റെ കാല ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക, പ്രസവിച്ച് ഏറ്റവും പെട്ടെന്ന് കുഞ്ഞിനെ മുലയൂട്ടുക എന്നിവയ്ക്കും ഈ വാരാചരണത്തിലൂടെ പ്രചാരം നല്‍കേണ്ടതുണ്ട്. ആദ്യ ആറു മാസം കുഞ്ഞിന് മുലപ്പാലല്ലാതെ മറ്റൊന്നും നല്‍കാന്‍ പാടില്ല. രണ്ടു വയസുവരെ മുലപ്പാല്‍ നല്‍കുന്നത് അഭികാമ്യമാണ്.
പ്രസവിച്ചയുടനെ ഉണ്ടാകുന്ന മഞ്ഞനിറത്തിലുള്ള പാല്‍ (കുഞ്ഞിപ്പാല്‍) കുഞ്ഞിനു ലഭിക്കുന്ന ആദ്യാമൃതമാണ്. വളരെയധികം രോഗപ്രതിരോധ പദാര്‍ത്ഥങ്ങളുള്ളതും ഒരിക്കലും പിഴിഞ്ഞ് കളയാന്‍ പാടില്ലാത്തതുമാണിത്. കുഞ്ഞിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്.
കൂട്ടുകുടുംബ വ്യവസ്ഥയുടെ അഭാവം, അമ്മയ്ക്ക് ജോലിക്ക് പോകേണ്ട സാഹചര്യം, പാല്‍പ്പൊടികളുടെ അമിത പ്രചാരം, സമൂഹ മാധ്യമങ്ങള്‍ വഴി മുലയൂട്ടലിനെക്കുറിച്ച് തെറ്റായി പഠിക്കുന്ന അമ്മമാര്‍ ഇവയെല്ലാം മുലയൂട്ടലിനെ നിരുത്സാഹപ്പെടുത്തുന്ന ഘടകങ്ങളാണ്. മുലയൂട്ടുന്ന അമ്മമാരില്‍ സ്തനാര്‍ബുദം പോലെയുള്ള അസുഖങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മുലപ്പാല്‍ കുടിച്ചുവളരുന്ന കുട്ടികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആരോഗ്യമുള്ളവരാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























