ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉറച്ച് വിജിലന്‍സ്; സത്യസന്ധമായി അന്വേഷണം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് വിജിലന്‍സ്

ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായി വിജിലന്‍സ്. വിചാരണ വേളയില്‍ വിജിലന്‍സ് അഭിഭാഷകന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് അഡ്വ. നോബിള്‍ മാത്യു ഫയല്‍ ചെയ്ത ആക്ഷേപത്തിന്റെ തുടര്‍വാദം നടന്നു. വ്യക്തമായ തെളിവുണ്ടായിട്ടും മാണിയെ വിജിലന്‍സ് എങ്ങനെയാണ് മുക്തനാക്കിയതെന്ന് അഭിഭാഷകന്‍ ആരാഞ്ഞു. മറുപടിയായി, സത്യസന്ധമായി അന്വേഷണം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് വിജിലന്‍സ് അറിയിച്ചു.
ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ കോടതിയില്‍ ഹരജിയുമായി എത്തി. കണ്‍വീനര്‍ വൈക്കം വിശ്വനായിരുന്നു ഹരജിക്കാരനെന്നും ഇപ്പോള്‍ ആ പദവി താനാണ് വഹിക്കുന്നതെന്നും അതിനാല്‍ തന്നെ കക്ഷി ചേര്‍ക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, ഇത്ര നാളായിട്ടും കണ്‍വീനര്‍ മാറിയ കാര്യം കോടതിയെ അറിയിച്ചില്ലെന്നും ആവശ്യം അംഗീകരിക്കാനാകില്ലെന്നും വിജിലന്‍സ് നിയമയോപദേശകന്‍ കോടതിയെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കണ്‍വീനറുടെ ഹരജി ഉള്‍പ്പെടെ കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പൂട്ടിയ 48 ബാര്‍ തുറക്കാന്‍ മാണി അഞ്ചുകോടി കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ബാറുടമ ബിജു രമേശിന്റെ ആരോപണം.
https://www.facebook.com/Malayalivartha

























