ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി പിന്‍വലിച്ച് രാഹുല്‍ ഈശ്വര്‍

രാഹുല്‍ മാങ്കൂട്ടത്തലിന്റെ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി പിന്‍വലിച്ചു. അഡിഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്.
ജില്ലാ കോടതിയില്‍ ഫയല്‍ചെയ്ത ജാമ്യഹര്‍ജി പിന്‍വലിച്ച് രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ വാദം കേള്‍ക്കാനാകൂയെന്ന് അഡിഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജ് നിലപാടെടുത്തു. വാദം മാറ്റിവച്ചു. പ്രാരംഭവാദം കേട്ടശേഷമാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
അഭിഭാഷകനായ പ്രതിയുടെ നടപടി നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയും ബോധപൂര്‍വ്വമായ പ്രവൃത്തിയുമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസിന്റെ എഫ്‌ഐആറിലെ വിവരങ്ങളാണ് തന്റെ പോസ്റ്റുകളിലുള്ളതെന്നും നിയമവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വര്‍ പ്രാരംഭ വാദത്തില്‍ ഉന്നയിച്ചത്. ലൈംഗിക പീഡന കേസിലെ എഫ്.ഐ.ആര്‍ പൊതുരേഖയായി കണക്കാക്കാനാകില്ലല്ലോയെന്ന് കോടതി പറഞ്ഞു. അതിജീവിതയെ സംബന്ധിക്കുന്ന വീഡിയോയോ ഫോട്ടോയോ ഉണ്ടെങ്കില്‍ മാറ്റാന്‍ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് ആവശ്യപ്പെട്ട രേഖകള്‍ കണ്ടെത്തിയതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
ജാമ്യഹര്‍ജി പോലും നിയമവിരുദ്ധമായ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ല. കണ്ടെടുത്ത ലാപ്‌ടോപ്പിന്റെ പാസ്‌വേഡ് നല്‍കാന്‍ കൂട്ടാക്കുന്നില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നതായും പ്രോസിക്യൂഷന്‍ അറിയിച്ചു.
അതിനിടെ, ജയിലില്‍ വെള്ളം മാത്രം കുടിച്ച് നിരാഹാര സമരത്തിലിരിക്കുന്ന രാഹുലിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കായി ഇന്നലെ ഉച്ചയോടെയാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























