ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇനി മാവേലി വേഷമണിയാന്‍ കൃഷ്ണനില്ല; അരുംകൊലയിൽ നടുങ്ങി കമ്പകക്കാനം ഗ്രാമം

തൊടുപുഴ വണ്ണപ്പുറത്ത് കൊമ്പന്‍ മീശയും കുടവയറും ചിരിയുമായി ഇത്തവണ ഓണത്തിന് കൃഷ്ണനില്ല. ദുരൂഹതകൾ ബാക്കിയാക്കി നാലുപേര്‍ കൊലചെയ്യപ്പെട്ടപ്പോള്‍ നാട്ടുകാര്‍ക്ക് നഷ്ടമായത് തങ്ങളുടെ സ്വന്തം മാവേലിയെ. കൃഷ്ണന്‍ ചുരുങ്ങിയ കാലം കൊണ്ടാണ് മാവേലി വേഷത്തിലൂടെ പ്രശസ്തനായത്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് സുഹൃത്തുക്കളുടെ നിര്‍ബന്ധം മൂലം മാവേലിയായി വേഷമിട്ടതു പിന്നീട് ഓരോവര്‍ഷവും തുടരുകയായിരുന്നു. ഇതിന് ഏറെ പ്രോത്സാഹനം നല്‍കിയത് വണ്ണപ്പുറത്തെ വ്യാപാരികളാണ്. പലയിടത്തുനിന്നും ചെറിയ തുക പ്രോത്സാഹനമെന്നോണം കൃഷ്ണനു ലഭിക്കുകയും ചെയ്തിരുന്നു. ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇനി മാവേലിവേഷമണിയാന്‍ കൃഷ്ണലില്ലെന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.
നാട്ടുകാരുമായി ഏറെ അടുപ്പത്തിലായിരുന്നില്ല കൊല്ലപ്പെട്ട കൃഷ്ണന്റെ കുടുംബം. എന്നാലും ആര്‍ക്കും ഇവരേക്കുറിച്ച് വലിയ അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. നാട്ടുകാരോട് അടുത്തിടപഴകാറില്ലെങ്കിലും കൃഷ്ണനും കുടുംബാംഗങ്ങളും കുഴപ്പക്കാരനായിരുന്നില്ലെന്നാണ് നാട്ടുകാരുടെ ഭാഷ്യം. അതിനാല്‍ത്തന്നെ അരുംകൊല ആര്‍ക്കും വിശ്വസിക്കാനായിട്ടില്ല.
രാവിലെ മുതല്‍ കൃഷ്ണനെയും കുടുംബാംഗങ്ങളെയും കാണാനില്ലെന്ന് പ്രചരിച്ചിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടക്കുന്നതിനിടെയാണ് മണ്ണ് മാറിക്കിടക്കുന്നതും പിന്നീട് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതും. ആഭിചാരക്രിയകളിലൂടെയാണു വരുമാനം കണ്ടെത്തിയിരുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. മറ്റു ജില്ലകളില്‍നിന്നും ആഡംബര വാഹനങ്ങളില്‍ നിരവധിപേര്‍ ഇവിടെയെത്തി ദിവസങ്ങളോളം തങ്ങിയിരുന്നു.
https://www.facebook.com/Malayalivartha


























