പള്ളീലച്ഛൻ കുട്ടീടച്ഛനായപ്പോൾ” ; കോളേജ് മാഗസിന് വിലക്കു പ്രഖ്യാപിച്ച് ക്രിസ്ത്യൻ മാനേജ്മെന്റ് ; മാഗസിൻ പുറത്തിറക്കാൻ അനുവദിക്കാത്ത മാനേജ്‌മെന്റ് നിലപാട് തിരുത്തണമെന്ന ആവശ്യവുമായി എസ്എഫ്ഐ രംഗത്ത്

കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള വയനാട് പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ മാഗസിൻ പുറത്തിറക്കാൻ അനുവദിക്കാത്ത മാനേജ്‌മെന്റ് നിലപാട് തിരുത്തണമെന്ന ആവശ്യവുമായി എസ്എഫ്ഐ രംഗത്ത്. 2017-2018 അധ്യയനവർഷത്തെ ‘വയറ്റാട്ടി’ എന്ന മാഗസിനാണ് പുറത്തിറക്കാൻ കഴിയാതെ വിവാദമായിരിക്കുന്നത്. “പള്ളീലച്ഛൻ കുട്ടീടച്ഛനായപ്പോൾ” എന്ന കവിത മാഗസിനിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ക്യാംപസിൽ വിവാദങ്ങൾക്ക് ആരംഭിച്ചത്.
'പള്ളീലച്ഛൻ' എന്ന പദത്തിന് പകരം 'ആളറിയാതെ' എന്ന് തിരുത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മലങ്കര ക്രിസ്ത്യൻ സഭയ്ക്കു കീഴിലുള്ള പഴശ്ശിരാജ കോളേജിൽ പുരോഹിതരെ വിമർശിക്കാൻ പാടില്ലന്നും മാഗസിൻ പ്രസിദ്ധീകരിക്കണമെങ്കിൽ വിവാദത്തിനിടയാക്കിയ കവിത നീക്കം ചെയ്യണമെന്നുമാണ് കോളേജ് ആവശ്യപ്പെടുന്നതെന്ന് എസ്എഫ്‌ഐ ആരോപിച്ചു. “മാനേജ്‌മെന്റ് പറയുന്നത് പോലെ ഇത് ഒരു മതത്തെയോ ഒരു സമൂഹത്തെയോ ആക്ഷേപിക്കുന്ന ഒരു കവിത അല്ല. കൊട്ടിയൂർ പീഡനവുമായി ബന്ധപ്പെട്ട ഫാ. റോബിൻ വടക്കാഞ്ചേരിയെ മാത്രമാണ് കവിതയിൽ പരാമർശിക്കുന്നുള്ളൂ. അദ്ദേഹത്തെ അറിയാത്തവർ ആരും കേരളത്തിൽ ഉണ്ടെന്ന് ഞങ്ങള്‍ കരുതുന്നില്ല.” എസ്എഫ്ഐ പ്രവർത്തകനും മാഗസിൻ എഡിറ്ററുമായ ഷാഹുൽ ഹമീദ് പറയുന്നു.
എന്നാൽ ഒരു കവിതയുടെ പേരിൽ മാഗസിന് അനുവദിക്കേണ്ട ഫണ്ട് അധ്യാപകരും മാനേജ്‌മെന്റും പിടിച്ചു വെച്ചിരിക്കുകയാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























