പ്രളയം തൃശൂരിലെ മാളയ്ക്കടുത്തുള്ള മസ്ജിദുകള്‍ മുക്കിയപ്പോള്‍ പെരുന്നാള്‍ നമസ്‌ക്കാരത്തിനായി രക്തേശ്വരി ക്ഷേത്രട്രസ്റ്റ് ഭജനാലയം തുറന്ന് കൊടുത്തു

സോഷ്യല്‍മീഡിയയിലൂടെയും അല്ലാതെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്വേഷം പുലര്‍ത്തുകയും തമ്മിലടിക്കുകയും ചെയ്തിരുന്ന പുഴുക്കുത്തുകള്‍ അറിയാന്‍ മലയാളിയുടെ മനസില്‍ അങ്ങനെയൊന്നും വിദ്വേഷത്തിന്റെ വിഷം കുത്തിയിറക്കാന്‍ നിങ്ങള്‍ക്കാവില്ല. പ്രളയത്തില്‍ പെട്ട് തൃശൂര്‍ മാളയ്ക്കടുത്തുള്ള പല ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. ഇതോടെ കഴിഞ്ഞ ദിവസം നടന്ന പെരുന്നാളിന് നമസ്‌ക്കരിക്കാന്‍ മുസ് ലിം സഹോദരങ്ങള്‍ക്ക് ഇടമില്ലാതായി.
മസ്ജിദുകളും വീടുകളും വെള്ളമെടുത്തിരുന്നു. ഇതോടെ മാള പുറപ്പിള്ളിക്കാവ് രക്‌തേശ്വരി ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള എസ്.എന്‍.ഡി.പി ഭജനാലയം പെരുന്നാള്‍ നമസ്‌ക്കാരത്തിന് വിട്ട് നല്‍കി. മുസ്്‌ലിംമത വിശ്വാസികളായ നാട്ടുകാര്‍ അത് സന്തോഷത്തോടെ സ്വീകരിക്കുകയും നമസ്‌ക്കാരം നടത്തുകയും ചെയ്തു.
വിശ്വാസിയായ ഹാരിസ് അമീറലി നമസ്‌ക്കാരത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി ഫെയിസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചു. ഒപ്പം എസ്.എന്‍.ഡി.പി ശാഖാ സെക്രട്ടറിക്ക് വിശ്വാസികള്‍ നന്ദി അറിയിക്കുന്നതിന്റെയും സെക്രട്ടറി ഈദ് ആശംസനേരുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതില്‍ കാണാം. ഒരു ജാതി ഒരുമതം മനുഷ്യന് എന്ന് ശ്രീനാരായണ ഗുരുദേവന്‍ ആഹ്വാനം ചെയ്തത് ഇവിടെ മറ്റൊരുതരത്തില്‍ സഫലമാവുകയായിരുന്നു. ഒരു പ്രളയം നമ്മെ എത്രത്തോളം ഐക്യപ്പെടുത്തി എന്നതിന്റെ നേര്‍ക്കാഴ്ചയാണിതെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. ദുരന്തത്തില്‍ മാത്രമല്ല, ഇനിയുള്ള എല്ലാ കാര്യങ്ങളിലും നമ്മള്‍ ഒരുമിച്ച് മുന്നേറണം. നമ്മളെല്ലാം ഈശ്വരന്റെ മക്കളാണ്, ഒരേരക്തമാണ് എല്ലാവരിലും ഓടുന്നതെന്നും അവര്‍ പറഞ്ഞു.
നമസ്‌ക്കാരത്തിന് ശേഷം എസ്.എന്‍.ഡി.പി യൂണിയന്‍ ശാഖാ സെക്രട്ടറിയോട് ജമാത്ത്ഭാരവാഹികള്‍ നന്ദി അറിയിച്ചു. നന്ദി അറിയിക്കേണ്ട സമയമല്ലെന്നും ഒരുമിച്ച് നില്‍ക്കേണ്ട സന്ദര്‍ഭമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ഷെമീറിനെ പോലുള്ളവര്‍ ഒരുമനുഷ്യന് ചെയ്യാവുന്നതിന്റെ പരിധിക്ക് അപ്പുറം നിന്നാണ് പ്രളയത്തിലകപ്പെട്ടവരെ സഹായിച്ചത്. അതുപോലെയുള്ള ഒത്തൊരുമയാണ് ഇനി വേണ്ടത്. സര്‍ക്കാരില്‍ നിന്ന് എന്ത് കിട്ടും എന്നൊന്നും അറിയില്ല. അതിനാല്‍ വീട് നഷ്ടപ്പെട്ടവരെയും മറ്റ് പല നഷ്ടങ്ങള്‍ സംഭവിച്ചവരെയും സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha

























