ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ട്രഷറികളിലേക്കും ബാങ്ക് ലോക്കറുകളിലേക്കും മാറ്റിയ എസ്എസ്എല്‍സി ചോദ്യപേപ്പറുകള്‍ ഈ വര്‍ഷം മുതല്‍ വീണ്ടും അതത് സ്‌കൂളുകളില്‍ സൂക്ഷിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയില്‍

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 2005 മുതല്‍ ട്രഷറികളിലേക്കും ബാങ്ക് ലോക്കറുകളിലേക്കും മാറ്റിയ എസ്.എസ്.എല്‍.സി ചോദ്യപേപ്പറുകള്‍ ഈ വര്‍ഷം മുതല്‍ വീണ്ടും അതത് സ്‌കൂളുകളില്‍ സുരക്ഷയോടെ സൂക്ഷിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നു. കൂടാതെ വിദ്യാര്‍ത്ഥികളുടെ ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് എസ്.എസ്.എല്‍.സി പരീക്ഷയും ഇനി ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്‌ക്കൊപ്പം രാവിലെ നടത്തണമെന്നാണ് വിദ്യാഭ്യാസ ഗുണമേന്മാ സമിതിയുടെ ശുപാര്‍ശ. മാര്‍ച്ചില്‍ ഒരേ ദിവസം രാവിലെ പ്‌ളസ് വണ്‍, പ്‌ളസ് ടു, ഉച്ചയ്ക്ക് ശേഷം എസ്.എസ്.എല്‍.സി പരീക്ഷകളാണ് നിലവില്‍ നടത്തുന്നത്.
ട്രഷറികളിലും ബാങ്ക് ലോക്കറുകളിലും സൂക്ഷിക്കുന്ന എസ്.എസ്.എല്‍.സി ചോദ്യ പേപ്പറുകള്‍ പരീക്ഷാദിവസങ്ങളില്‍ രാവിലെ പത്ത് മണിക്ക് ശേഷം സ്‌കൂളുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. എസ്.എസ്.എല്‍.സി പരീക്ഷ വീണ്ടും രാവിലെ നടത്തുന്ന പക്ഷം അതിന് മുമ്പ് ട്രഷറികളിലും ബാങ്ക് ലോക്കറുകളിലും നിന്ന് ചോദ്യപേപ്പറുകള്‍ സ്‌കൂളുകളിലെത്തിക്കുക ദുഷ്‌കരമാവും.
മാത്രമല്ല, പ്‌ളസ് വണ്‍, പ്‌ളസ് ടു ചോദ്യപേപ്പറുകള്‍ നിലവില്‍ സ്‌കൂള്‍ ഓഫീസുകളിലാണ് സൂക്ഷിച്ചു വരുന്നത്. കനത്ത സുരക്ഷ ഉറപ്പാക്കി എസ്.എസ്.എല്‍.സി ചോദ്യപേപ്പറുകളും ഒപ്പം സൂക്ഷിക്കാനാണ് ആലോചന. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ ഇക്കൊല്ലം സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഒഴിവാക്കി, അതത് സ്‌കൂളുകളില്‍ ക്ലാസ് പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി യോഗത്തില്‍ തീരുമാനമെടുക്കും. ഓണത്തിന് മുമ്പ് നടത്താനിരുന്ന ഓണപ്പരീക്ഷ നിപ്പ പനിബാധയുടെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തില്‍ ഓണാവധിക്ക് ശേഷം ആഗസ്റ്റ് 30 മുതല്‍ നടത്താന്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാനതല പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയും ചെയ്തു
എന്നാല്‍, തുടര്‍ന്നുണ്ടായ പ്രളയ ദുരിതത്തില്‍ നൂറ് കണക്കിന് സ്‌കൂളുകള്‍ മുങ്ങുകയും നിരവധി സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി മാറുകയും ചെയ്തതോടെ, ഒട്ടേറെ അദ്ധ്യയന ദിനങ്ങള്‍ പിന്നെയും നഷ്ടപ്പെട്ടു. ഓണാവധിക്ക് ശേഷം സ്‌കൂളുകള്‍ ഇന്നലെ തുറന്നെങ്കിലും പ്രളയ ബാധിത മേഖലകളിലെ 211 സ്‌കൂളുകളില്‍ ക്യാമ്പുകള്‍ തുടരുകയാണ്.
ഒരാഴ്ചയ്ക്കകം ഈ സ്‌കൂളുകളും തുറന്നാലും നഷ്ടപ്പെട്ട പാഠപുസ്തകങ്ങളുടെയും ഫര്‍ണിച്ചറിന്റെയും മറ്റും വിതരണം പൂര്‍ത്തിയാവാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടി വരും. ഈ സാഹചര്യത്തില്‍ പൊതുവായ പരീക്ഷ ഒഴിവാക്കി, ഓരോ പ്രദേശത്തെ സ്‌കൂളിലും പഠിപ്പിച്ച പാഠഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ളതാവും ക്‌ളാസ് പരീക്ഷ.
നിരവധി അദ്ധ്യയന ദിനങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ നേരത്തേ നിശ്ചയിച്ചിരുന്ന ഇക്കൊല്ലത്തെ സ്‌കൂള്‍ കലാ, കായിക, ശാസ്ത്രപ്രവൃത്തി പരിചയ മേളകളുടെ തീയതികളില്‍ മാറ്റം വരുത്തിയേക്കും.
"
https://www.facebook.com/Malayalivartha





















