അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ നീക്കം: കൂടാതെ സുരേഷ് ഗോപിയെയും മത്സരിക്കാന്‍ ഇറക്കും; ബിജെപിയുടെ സെലിബ്രിറ്റി വാര്‍ കേരളത്തില്‍ ഏല്‍ക്കുമോ

അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കേരളം പിടിക്കാന്‍ ബിജെപി അറ്റകൈ പ്രയോഗത്തിന് തയ്യാറാകുമോ. സെലിബ്രിറ്റി വാര്‍ പ്ലാന്‍ ചെയ്യുന്ന പാര്‍ട്ടി മോഹന്‍ലാലിന് പുറമേ സുരേഷ് ഗോപിയെയും കളത്തിലിറക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രളയശേഷമുള്ള കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. കേരളത്തെ സഹായിക്കാന്‍ ആകുന്നതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി മോഹന്‍ലാല്‍ കുറിച്ചു. പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ അദ്ദേഹം ഒപ്പമുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ ചേര്‍ന്ന ആര്‍ എസ് എസ് രഹസ്യ യോഗത്തിന്റ തീരുമാനം കേന്ദ്രത്തെ അറിയിച്ചതായും സൂചന. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ സ്ഥാപിക്കുന്ന ക്യാന്‍സര്‍ സെന്ററിന്റെ ഉത്ഘടനത്തിനു എത്തുന്ന പ്രധാനമന്ത്രി ഇക്കാര്യം കേരളത്തിലെ ആര്‍ എസ് എസ് നേതൃത്വവുമായി സംസാരിച്ചേക്കും. വിശ്വശാന്തി ട്രസ്റ്റിന്റെ അമരത്തുള്ള സംഘപരിവാര്‍ നേതാക്കളും ഇതിനായി ശ്രമങ്ങള്‍ നടത്തുന്നതായി അറിയുന്നു. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി എത്തിയിരുന്നു. ബിഗ് ബജറ്റ് ചിത്രമായ രണ്ടാമൂഴത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയ രംഗത്ത് നിന്ന് പിന്‍മാറി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കുമെന്നും സൂചനകളുണ്ട്.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളെ രംഗത്ത് ഇറക്കാനുള്ള പദ്ധതി ബിജെപിക്കുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അവിടെയും കേരളത്തില്‍ മോഹന്‍ലാലിന്റെ പേര് ഉയര്‍ന്ന് കേട്ടു. ഊഹാപോഹങ്ങള്‍ സത്യമാകുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസും ചെറു പ്രതിപക്ഷ കക്ഷികളും ബിജെപിക്ക് വന്‍ വെല്ലുവിളി സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനകീയ മുഖങ്ങളെ ഗോദയിലേക്ക് ഇറക്കിയുള്ള പരീക്ഷണത്തിനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. അതുകൊണ്ട് കൂടിയാണ് മോഹന്‍ലാലിന് ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ കൂടി മുഖം നല്‍കാനുള്ള ശ്രമം എന്നും ഡെക്കാണ്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാ താരമെന്ന നിലയ്ക്ക് എംപിയാക്കപ്പെട്ട നടന്‍ സുരേഷ് ഗോപിക്ക് അതിന് ശേഷം കേരളത്തില്‍ വലിയ ഇമേജ് നഷ്ടം സംഭവിക്കുകയാണ് ചെയ്തത്. അത് മോഹന്‍ലാലിന്റെ കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്ന് സംഘപരിവാര്‍ കരുതുന്നു.
തിരുവനന്തപുരം മണ്ഡലത്തിലേക്ക് പെട്ടെന്ന് സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ അവതരിപ്പിക്കാന്‍ ആര്‍എസ്എസ് താല്‍പര്യപ്പെടുന്നില്ല. മറിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ എന്നൊരു ഇമേജ് മോഹന്‍ലാലിന് സൃഷ്ടിച്ച ശേഷം തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കാനാണ് ആര്‍എസ്എസ് നേതൃത്വം താല്‍പര്യപ്പെടുന്നത് എന്നും ഡെക്കാണ്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. താരപദവി കൊണ്ട് കാര്യമില്ല. നടനെന്ന നിലയില്‍ മോഹന്‍ലാലിന് കേരളത്തില്‍ പകരക്കാരനില്ലെന്ന് സംഘപരിവാറിന് ബോധ്യമുണ്ട്. എന്നാല്‍ ആ താരപദവി കൊണ്ട് മാത്രം കേരളത്തില്‍ രാഷ്ട്രീയ വിജയം നേടാന്‍ മോഹന്‍ലാലിന് സാധിക്കില്ലെന്ന് സംഘപരിവാറിന് ബോധ്യമുണ്ട്. സിനിമാക്കാരെ കണ്ടാല്‍ വോട്ട് ചെയ്യുന്ന ഉത്തരേന്ത്യയുടെ മനസ്സല്ല കേരളത്തിനെന്നും സംഘപരിവാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യ പരിഗണന കുമ്മനത്തിന് വരുന്ന നാളുകളില്‍ സംഘപരിവാര്‍ പരിപാടികളില്‍ അടക്കം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം ഉണ്ടായേക്കും. കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായിരുന്നു ആര്‍എസ്എസിന്റെ ആദ്യത്തെ ആലോചന. എന്നാല്‍ കുമ്മനം മിസോറാം ഗവര്‍ണറായി ചുമതലയേറ്റതൊടെയാണ് മറ്റൊരു സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ആലോചിക്കേണ്ടതായി വന്നത്. മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം കേരളം ഏറെ നാളുകളായി ചര്‍ച്ച ചെയ്യുന്നതാണ്. സംഘപരിവാര്‍ അനുകൂലിയായി വിലയിരുത്തപ്പെടുന്ന മോഹന്‍ലാല്‍ ആര്‍ക്കൊപ്പമായിരിക്കും രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെയ്ക്കുക എന്ന കാര്യത്തിലും ചര്‍ച്ചകളുണ്ട്.
https://www.facebook.com/Malayalivartha























