മമ്മൂട്ടിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് ആര്‍.സി.സി മോഡല്‍ ആശുപത്രി തുടങ്ങാന്‍ പദ്ധതിയിട്ടപ്പോള്‍ മോഹന്‍ലാല്‍ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ ആതുരസേവന രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഇതിന്റെ ഭാഗമായി കാന്‍സര്‍ കെയര്‍ സെന്റര്‍ ആരംഭിക്കുന്നതായി അദ്ദേഹം തന്നെ ഫെയിസ്ബുക്കിലൂടെ അറിയിച്ചു. നടന്‍ മമ്മൂട്ടിയും മറ്റ് ചില ബിസിനസുകാരും ചേര്‍ന്ന് തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രി വാങ്ങി ആര്‍.സി.സി മോഡലില്‍ കാന്‍സര്‍ ചികിത്സാകേന്ദ്രം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് മോഹന്‍ലാല്‍ തന്റെ നേതൃത്വത്തിലുള്ള സംരംഭത്തെക്കുറിച്ച് അറിയിച്ചത്. കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാനാണ് അഷ്ടമിരോഹിണി ദിനത്തില്‍ താരം ഡല്‍ഹിയിലെത്തിയത്.
അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെ പേരുകള്‍ ചേര്‍ത്ത് വിശ്വശാന്തി എന്ന പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തിലാണ് കാന്‍സര്‍ സെന്റര്‍ ആരംഭിക്കുന്നത്. വിശ്വശാന്തിയുടെ ഡയറക്ടര്‍മാരും മാനേജിംഗ് ഡയറക്ടറുമെല്ലാം ആര്‍ എസ് എസിന്റെ കേരളത്തിലെ പ്രധാന ചുമതലക്കാരാണ്. മാനേജിംഗ് ഡയറക്ടര്‍ പി ഇ ബി മേനോന്‍, 2003 മുതല്‍ ആര്‍ എസ് എസിന്റെ സംസ്ഥാന സംഘചാലക്, ഡയറക്ടര്‍ ടി എസ് ജഗദീശന്‍ ബാലഗോകുലം രക്ഷാധികാരിയും എറണാകുളത്ത് മിക്ക സംഘപരിവാര്‍ പരിപാടികളുടെ സംഘാടകനും. ഡോ.വി നാരായണന്‍ ആര്‍ എസ് എസിന് കീഴിലുള്ള വിവേകാനന്ദ മെഡിക്കല്‍ മിഷന്‍, മുട്ടില്‍ വയനാട് ചീഫ് മെഡിക്കല്‍ ഓഫീസര്‍.
അഡ്വ ശങ്കര്‍ റാം നാരായണന്‍ ആര്‍ എസ് എസ് പ്രാന്ത കാര്യകാരി സദസ്യന്‍. സംഘപരിവാറിന്റെ പോഷക സംഘടനകളുടെ ഉള്‍പ്പെടെ സംയോജന ചുമതല. ഡോ ദാമോദരന്‍ വാസുദേവന്‍. അമൃതാ സ്‌കൂള്‍ ഓഫ് മെഡിസിന്‍ മുന്‍ പ്രിന്‍സിപ്പല്‍. സജീവ് സോമന്‍ മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയാ മാനേജര്‍ സംഘപരിവാര്‍ സഹയാത്രികന്‍. മൂന്ന് വര്‍ഷം മുമ്പാണ് ഈ ഫൗണ്ടേഷന്‍ തുടങ്ങിയത്. വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലാണ് വിശ്വശാന്തി പ്രവര്‍ത്തിക്കുന്നത്. വനവാസികള്‍ക്കിടയിലും പിന്നോക്കജനവിഭാഗങ്ങള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ്‌റൂമും ഒരുക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ചെയ്ത് കൊടുത്തെന്ന് മോഹന്‍ലാല്‍ പറയുന്നു.
വിശ്വശാന്തി സൈലന്റായാണ് പ്രവര്‍ത്തിക്കുന്നത്. സംവിധായകന്‍ മേജര്‍ രവിയും ഈ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. നമ്മുടെ ആരോഗ്യമേഖലയില്‍ എല്ലാകാര്യങ്ങളും സര്‍ക്കാരിന് മാത്രം ചെയ്യാനാവില്ല. അതുകൊണ്ടാണ് ആരോഗ്യമേഖലയും വിശ്വശാന്തി തെരഞ്ഞെടുത്തത്. ആരോഗ്യമേഖല സാധാരണക്കാരന് അപ്രാപ്യമായ രീതിയില്‍ വിലപിടിപ്പുള്ളതായെന്നും മോഹന്‍ലാല്‍ ബ്‌ളോഗില്‍ പറയുന്നു. അതുകൊണ്ട് വലിയൊരു വിഭാഗം ആരോഗ്യമേഖലയുടെ സാന്ത്വനപരിധിക്കപ്പുറത്തായി. അതിനാല്‍ ഒന്നരക്കോടിയിലധികം രൂപയുടെ സേവനങ്ങള്‍ വിശ്വശാന്തി ആരോഗ്യമേഖലയില്‍ ചെയ്തു. സംസ്ഥാനത്ത് പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ അര്‍ബുദ രോഗികളുടെ നിരക്ക് കൂടുതലാണ്. ഇത് മനസിലാക്കി മോഹന്‍ലാല്‍ ഉത്തരകേരളത്തിലായിരിക്കും കാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതെന്ന് അറിയുന്നു.
https://www.facebook.com/Malayalivartha






















