എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈകടത്താനാവില്ല ; മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

എസ്.ഹരീഷിന്റെ മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈകടത്താനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രചന എഴുത്തുകാരന്റെ മൗലിക അവകാശമാണ്. നോവൽ നിരോധിക്കാനാവില്ല.പുസ്തകത്തിന്റെ ഒരു ഭാഗം മാത്രം വായിച്ച് അതിനെ വിലയിരുത്താൻ കഴിയില്ല. എഴുത്തുകാരന്റെ ഭാവനയേയും സൃഷ്ടി വൈഭവത്തേയും ബഹുമാനിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു
നോവലിലെ വിവാദ ഭാഗം സ്ത്രീകളെയും ഹൈന്ദവ വിശ്വാസത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് 2ന് ഹര്‍ജി പരിഗണിച്ച കോടതി നോവൽ നിരോധിക്കാനാകില്ലെന്ന് പറഞ്ഞിരുന്നു. കേസ് പരിഗണിച്ച വേളയില്‍ 'മീശ' നോവല്‍ കോടതിയില്‍ ഹാജരാക്കണമെന്നും, അതുകൂടാതെ, നോവലിലെ വിവാദ അധ്യായങ്ങളുടെ പരിഭാഷ 5 ദിവസത്തിനകം സമര്‍പ്പിക്കുകയും ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
കേസിൽ വാദം കേൾക്കുന്നതിനിടെ പുസ്തകങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്. ഹരീഷ് പറഞ്ഞു. ഭരണഘടനയിലും നിയമസംവിധാനത്തിലുമുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പില്‍ എസ്. ഹരിഷ് എഴുതിയ നോവലായ മീശ പ്രസിദ്ധീകരണം ആരംഭിച്ച് ഏതാനും നാളുകള്‍ക്കകം വിവാദം സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ സംഘികളുടെ സൈബര്‍ ആക്രമണം കടുത്തതോടെ നോവല്‍ പിന്‍വലിക്കുന്നതായി എസ് ഹരീഷ് അറിയിച്ചു. അതേസമയം നോവല്‍ പ്രസിദ്ധീകരിച്ച് പോന്ന മാതൃഭൂമിയിലെ സംഘപരിവാര്‍ അനുകൂലികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിച്ചതെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങി. ഇതോടെ തങ്ങള്‍ സ്വീകരിച്ച നിലപാട് എന്താണെന്ന് മാതൃഭൂമി വെളിപ്പെടുത്തിയിരുന്നു. ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് എഴുത്തുകാരന്‍ എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിന് നേരെ ഹിന്ദു വര്‍ഗീയവാദികള്‍ ആക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha






















