കോള ഊറ്റിയവശേഷിപ്പിച്ച ബാക്കി നീരൂറ്റാന്‍ അഞ്ച് ലക്ഷം ഹെക്ടോലിറ്റര്‍ ബിയര്‍ഫാക്ടറി ; ഇതാണോ വികസനം?

കേരളം മറന്നു തുടങ്ങിയതാണ് കോള കമ്പനി നമുക്കുണ്ടാക്കിയ നഷ്ടങ്ങള്‍. കേരളത്തിന്റെ നീര് മുഴുവന്‍ ഊറ്റിക്കുടിച്ച തും പോരാഞ്ഞിട്ട് ഏകദേശം മുപ്പതിനായിരം കോടി രൂപയുടെ നഷ്ടം കോക്ക കോള കമ്പനി വരുത്തിവച്ചത്. കുടിവെള്ളവും കൃഷി ആവശ്യത്തിനുമുള്ള വെള്ളവും ഇല്ലാതാക്കി. വെള്ളം ഇല്ലാതായപ്പോള്‍ അത് തേടിപ്പോയതിനാല്‍ പലര്‍ക്കും ജോലിക്ക് പോവാനോ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ചെയ്യാനോ പോലും കഴിഞ്ഞില്ല. തൊഴില്‍ നഷ്ടം, വിദ്യാഭ്യാസ നഷ്ടം, ജലചൂഷണം, ജലമലിനീകരണം, സാമൂഹ്യ നഷ്ടം, കാര്‍ഷിക നഷ്ടം, ആരോഗ്യ നഷ്ടം എന്നിങ്ങനെ കണക്കാക്കാവുന്ന നഷ്ടങ്ങള്‍ ഇതെല്ലാം മറന്നിട്ടാണോ ഈ സര്‍ക്കാര്‍ അഞ്ച് ലക്ഷം ഹെക്ടോലിറ്റര്‍ ബിയര്‍ഫാക്ടറിക്ക് അനുമതി നല്‍കിയത്.
പാലക്കാട് എലപ്പുള്ളി പോക്കാന്തോട്പ്രദേശത്ത് ഇപ്പോള്‍ അഞ്ചുവര്‍ഷംമുമ്പുവരെ കൃഷിക്കും വീട്ടാവശ്യങ്ങള്‍ക്കും ആവശ്യമായ വെള്ളം പോക്കാന്തോടുകാര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍, കാലാവസ്ഥക്കുണ്ടായ മാറ്റം പ്രദേശത്തെ വീടുകളിലെ കിണറുകളിലും കുഴല്‍ക്കിണറുകളിലും ജലനിരപ്പ് ക്രമാതീതമായി കുറയുന്നതിന് കാരണമായി. മാത്രമല്ല 750 അടിയോളം താഴ്ത്തിയിട്ടും പല കുഴല്‍ക്കിണറുകളിലും വെള്ളത്തിന്റെ ചെറു ഉറവപോലം ഉണ്ടായില്ല. ഇവിടെയാണ് സര്‍ക്കാര്‍ ബിയര്‍ ഫാക്ടറി (ബ്രൂവറി) അനുവദിച്ചിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ചിന്തിക്കേണ്ടതുണ്ട്
മഴക്കാലത്തുപോലും കുടിവെള്ളം ലോറിയിലെത്തിക്കേണ്ട അവസ്ഥയാണ് ഇവിടെ. നാലുദിവസം കൂടുമ്പോഴാണ് ഈ മേഘലയില്‍ പന്പിങ് നടക്കുന്നത്. ഇവിടത്തെ 500ഓളം വീടുകളില്‍ വെള്ളമെത്തിക്കുന്നത് ഈ കുടിവെള്ളപദ്ധതിയില്‍ നിന്നാണ്. ഇത്രയുമധികം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്താണ് പ്രതിവര്‍ഷം അഞ്ച് ഹെക്ടോലിറ്റര്‍ ബിയര്‍ ഉത്പാദിപ്പിക്കുന്ന ബ്രൂവറി സ്ഥാപിക്കാനൊരുങ്ങുന്നത്.
വെള്ളമില്ലാതായതോടെ കൃഷിയും കുറഞ്ഞു. വെള്ളമെത്താതായതോടെ കൃഷിചെയ്യുക ദുഷ്‌കരമായി മാറി. പ്രധാന കര്‍ഷകര്‍പോലും കൃഷി ഉപേക്ഷിച്ച് മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. കഴിഞ്ഞ പ്രളയകാലത്താണ് പോക്കാന്തോട് അല്പം തണുത്തത്. അന്ന് പെയ്ത മഴയുടെ ബാക്കിയായി അല്പം വെള്ളം ഇവിടത്തെ കിണറുകളില്‍ അവശേഷിക്കുന്നുണ്ട്. ആ നീരും ഊറ്റിക്കുടിക്കാനാണോ സര്‍ക്കാര്‍ ബിയര്‍ഫാക്ടറിക്ക് അനുമതി നല്‍കിയത്. ഇവിടെ ബിയര്‍ഫാക്ടറി വേണോ അതോ ഇവിടെയുള്ള ജീവന്‍ നിലനിര്‍ത്തണോ എന്ന് തീരുമാനിക്കേണ്ടതിന് സര്‍ക്കാരിന് ഇനിയും സമയമുണ്ട്.
https://www.facebook.com/Malayalivartha


























