വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...

സിപിഎം നേതാവ് ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിൽ കേസ്. ആരോഗ്യമന്ത്രി വീണാ ജോർജിന് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരുക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെ ചിന്ത അടക്കമുള്ളവർ പ്രകോപനപരവും സ്ത്രീവിരുദ്ധവുമായി മുദ്രാവാക്യം വിളിച്ചെന്ന പരാതിയിലാണ് കൊല്ലം ഇരവിപുരം പൊലീസ് കേസെടുത്തത്. സമൂഹത്തിൽ സ്പർധയുണ്ടാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേർന്ന് ജാഥ നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രകടനത്തിലാണ് സ്ത്രീവിരുദ്ധ മുദ്രാവാക്യങ്ങളുണ്ടായത്.
സംഭവം വിവാദമായതിനു പിന്നാലെ ചിന്ത വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വിഡിയോയുടെ ഒരു ഭാഗം മാത്രമാണെന്ന് ചിന്ത പറഞ്ഞു. പ്രതിഷേധപ്രകടനം നടക്കുമ്പോൾ വൈകാരികമായി മുദ്രാവാക്യം വിളിക്കുന്നത് സ്വാഭാവികമാണ്.
എന്നാൽ സ്ത്രീകൾക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും ഒപ്പം നിൽക്കുന്ന പുരോഗമന രാഷ്ട്രീയമാണ് സിപിഎമ്മിന്റേത്. എല്ലാക്കാലത്തും സ്തീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ആളാണ് താൻ. ഇത്തരം ആരോപണങ്ങൾ വേദനിപ്പിക്കുന്നുണ്ട്. മുദ്രാവാക്യം ഏറ്റുവിളിച്ചിട്ടില്ലെന്നും അങ്ങനെയുണ്ടായപ്പോൾ തിരുത്താനാണ് ശ്രമിച്ചതെന്നും ചിന്ത പറഞ്ഞു.
https://www.facebook.com/Malayalivartha

























