വി.എന്‍. വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായും എംഎന്‍ നാരായണന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു

വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന മണ്ഡലകാലം മുതല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് ശബരിമല മേല്‍ശാന്തിയായി പാലക്കാട് വരിക്കശ്ശേരി ഇല്ലത്ത് വി.എന്‍. വാസുദേവന്‍ നമ്പൂതിരിയെയും (51), മാളികപ്പുറം മേല്‍ശാന്തിയായി ചെങ്ങന്നൂര്‍ വനവാതുക്കര ഇരമല്ലിക്കര മാമ്പറ്റ ഇല്ലത്ത് എം.എന്‍. നാരായണന്‍ നമ്പൂതിരിയെയും (52) തെരഞ്ഞെടുത്തു. ബംഗളൂരു അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് വാസുദേവന്‍ നമ്പൂതിരി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവല്ല ഗ്രൂപ്പിലുള്ള രാമങ്കരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് നാരായണന്‍ നമ്പൂതിരി. ഇരുവരും നവംബര്‍ 16ന് വൈകിട്ട് മേല്‍ശാന്തിമാരായി അവരോധിതരാകും.
തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റെ നേതൃത്വത്തിലും സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ്, ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷകന്‍ ജസ്റ്റിസ് ആര്‍. ഭാസ്‌കരന്‍ എന്നിവരുടെ നിയന്ത്രണത്തിലും വ്യാഴാഴ്ചയാണ് നറുക്കെടുപ്പ് നടത്തിയത്. ശബരിമല മേല്‍ശാന്തിയുടെ നറുക്ക് പന്തളം കൊട്ടാരത്തിലെ ഋഷികേശ് എസ്. വര്‍മ്മയും മാളികപ്പുറത്തേത് ദുര്‍ഗ രാംദാസ് രാജയുമാണ് എടുത്തത്.
ശബരിമല മേല്‍ശാന്തി നറുക്കെടുപ്പാണ് ആദ്യം നടത്തിയത്. അന്തിമ പട്ടികയില്‍ ഇടം നേടിയ 9 പേരുടെ കുറികള്‍ ഒരു വെള്ളി കിണ്ണത്തിലും മേല്‍ശാന്തി എന്ന് രേഖപ്പെടുത്തിയ ഒരു കുറിയും 8 ശൂന്യ കുറികളും മറ്റൊരു കിണ്ണത്തിലും ചുരുളുകളായി നിക്ഷേപിച്ച ശേഷം തന്ത്രി കണ്ഠരര് രാജീവര് അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ സമര്‍പ്പിച്ച് പൂജ നടത്തി. തുടര്‍ന്നാണ് നറുക്കെടുത്തത്. രണ്ടിടത്തും ആറാമത്തെ നറുക്കിലാണ് പേരിനൊപ്പം മേല്‍ശാന്തി എന്ന കുറിയും ഒത്തുവന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മെമ്പര്‍ കെ.പി. ശങ്കരദാസ്, എക്‌സിക്യൂട്ടിവ് ഓഫീസര്‍ സുധീഷ് എന്നിവരും നറുക്കെടുപ്പില്‍ സന്നിഹിതരായിരുന്നു.
"
https://www.facebook.com/Malayalivartha


























