ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്; ശബരിമല വിധി നടപ്പാക്കരുതെന്ന് പ്രതിപക്ഷം പരസ്യമായി പറയണമെന്ന് കാനം രാജേന്ദ്രന്

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടെന്നു പറയുന്ന പ്രതിപക്ഷം അക്കാര്യം പരസ്യമായി പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടിയും വിധി നടപ്പിലാക്കരുതെന്നു പറയുന്നില്ല.
തന്ത്രികുടുംബവും രാജകുടുംബവും ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമാണ്. വിധി മറ്റ് നാട്ടുകാരേക്കാള്‍ കൂടുതല്‍ ബാധകമായിട്ടുള്ളത് അവര്‍ക്കാണ്. അക്കാര്യം ഓര്‍ത്താല്‍ അവര്‍ക്ക് നല്ലതാണെന്നും കാനം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
സുപ്രീംകോടതി വിധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു സര്‍വകക്ഷി യോഗം വേണമെന്ന ആവശ്യത്തിനു പ്രസക്തിയില്ല. വേണമെങ്കില്‍ ക്രമസമാധാനം സംബന്ധിച്ച കാര്യങ്ങള്‍ കൂട്ടായി ആലോചിക്കാം. കോടതി വിധികള്‍ നടപ്പിലാക്കാന്‍ താഴെ തട്ടില്‍ യോഗം ചേര്‍ന്നിട്ടു കാര്യമില്ല.
വിധി നടപ്പിലാക്കുന്നതില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന് ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിനായാലും സിപിഎം ഭരിക്കുന്ന കേരള സര്‍ക്കാരിനായാലും കഴിയില്ല എന്ന് എല്ലാവര്‍ക്കുമറിയാം. അതു മനസിലാക്കിയിട്ടും കലാപം സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നവരുടെ താല്പര്യം എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാവുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























