തൃശൂര്‍ പൂരം ആശങ്കയില്‍.... ഉത്സവ ദിവസങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് നിയന്ത്രിച്ച സുപ്രീംകോടതി വിധി പൂരത്തിന്റെ പൊലിമയെ ബാധിച്ചേക്കും

ഉത്സവ ദിവസങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് നിയന്ത്രിച്ച സുപ്രീംകോടതി വിധി തൃശൂര്‍ പൂരത്തിന്റെ പൊലിമയെ ബാധിച്ചേക്കും. അനുവദനീയ അളവില്‍ പുകയും ശബ്ദവുമുള്ള പടക്കങ്ങള്‍ മാത്രമേ പാടുള്ളൂ, പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്തവ ആയിരിക്കണം, അവ പൊട്ടിക്കുന്നത് രാത്രി എട്ടു മുതല്‍ പത്ത് വരെ സമയത്തിലായിരിക്കണം എന്നിവയാണ് കോടതി വിധിയില്‍ പറയുന്നത്.
പൂരനാളില്‍ പുലര്‍ച്ചയും, പൂരം ഉപചാരം ചൊല്ലുന്ന ദിവസം പകലുമാണ് തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടുകള്‍ നടക്കാറ്. കഴിഞ്ഞ പൂരം വെടിക്കെട്ടിന് തന്നെ കര്‍ശന വ്യവസ്ഥകളോടെയും, കേന്ദ്ര എക്‌സ്‌പ്ലോസീവ് സംഘത്തിന്റെ കടുത്ത നിരീക്ഷണത്തിലുമായിട്ടായിരുന്നു പൂരനാളില്‍ അനുമതി ലഭിച്ചത്. വെടിക്കെട്ടുകള്‍ക്കോ, ലൈസന്‍സികളുടെ പടക്ക വില്‍പനക്കോ നിരോധനമോ, നിയന്ത്രണമോ ഇല്ലെങ്കിലും പരമ്പരാഗത ശൈലി പിന്തുടരുന്ന തൃശൂര്‍ പൂരത്തെ വിധി പ്രതിസന്ധിയിലാക്കും. പൂരവും, വെടിക്കെട്ടും നടക്കുന്ന തൃശൂര്‍ നഗരത്തിന് നടുവിലെ വടക്കുന്നാഥ ക്ഷേത്ര മൈതാനം പരിസ്ഥിതി സംരക്ഷിത പ്രദേശവും, സമീപത്ത് തന്നെ ആശുപത്രിയുള്ളതിനാല്‍ നിശബ്ദ മേഖലയുമായി പ്രഖ്യാപിച്ചതുമാണ്.
എന്നാല്‍ തൃശൂര്‍ പൂരത്തിന് ഇതില്‍ ഇളവ് നല്‍കിയാണ് വെടിക്കെട്ട് നടക്കുന്നത്. 125 ഡെസിബെല്‍ വരെ ശബ്ദവും, 2000 കി.ഗ്രാം വെടിമരുന്നുമാണ് അനുവദിക്കുന്നതെന്നാണ് ഔദ്യോഗികമായി പറയാറുള്ളതെങ്കിലും ഇതിനെ മറികടക്കാറുമുണ്ട്. തിരക്കേറിയ നഗരത്തിന് നടുവിലെ വെടിക്കെട്ടില്‍ കേന്ദ്ര സംഘം പ്രധാനമായും സുരക്ഷ തന്നെയാണ് ചൂണ്ടിക്കാട്ടിയിരുന്നത്.കഴിഞ്ഞ പൂരത്തിന് തേക്കിന്‍കാട് മൈതാനത്തിന് ചുറ്റും വാട്ടര്‍ ഹൈഡ്രന്റ് സ്ഥിരമായി സ്ഥാപിക്കുകയുള്‍പ്പെടെ നടത്തിയാണ് അനുമതി ലഭിച്ചത്. ഡിസംബറില്‍ ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച ഹരജിയില്‍ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിക്കാനിരിക്കുകയാണ്.
വിധി നിയമവിദഗ്ധരുമായി പരിശോധിച്ച് നടപടികളിലേക്ക് കടക്കുമെന്നാണ് പൂരം സംഘാടകരുടെ വിശദീകരണം.
https://www.facebook.com/Malayalivartha
























