ബാർകോഴക്കേസ്:മുൻ ധനമന്ത്രി മാണിക്കെതിരായതുടരന്വേഷണം വൈകുന്നതിനെതിരെ ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചു

ബാർ കോഴകേസിൽ മുൻ ധനമന്ത്രി കെ.എം മാണിക്കെതിരായ തുടരന്വേഷണം വൈകുന്നതിനെതിരെ ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ ഹൈകോടതിയെ സമീപിച്ചു. തുടരന്വേഷണത്തിന് സർക്കാറിൽ നിന്നും പ്രത്യേക അനുമതി വേണമെന്ന വിജിലൻസ് പ്രത്യേക കോടതിയുടെ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി.
പൊതു പ്രവർത്തകർക്ക് എതിരെ തുടർഅന്വേഷണത്തിന് സർക്കാർ അനുമതി വേണമെന്ന നിയമം ഈ കേസിൽ ബാധകമല്ല -വി.എസ് വാദിക്കുന്നു
കഴിഞ്ഞ ജൂലൈ 26 നാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. അതിനു മുമ്പുള്ളതാണ് മാണിക്കെതിരായ കേസ്. അതിനാൽ കേന്ദ്ര നിയമം ഈ കേസിൽ ബാധകമല്ലെന്നും വി.എസ്. ചൂണ്ടിക്കാട്ടുന്നു.
അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനും മുമ്പുണ്ടായ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താന്‍ കോടതിയെ സമീപിക്കുന്നതെന്നും അതിനു ശേഷം വന്ന ഭേദഗതിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് മുന്‍കൂര്‍ അനുമതി ആവശ്യപ്പെടുന്നത് ന്യായമല്ലെന്നും വി.എസ് വാദിക്കുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പൂട്ടിക്കിടക്കുന്ന ബാറുകൾ തുറക്കാൻ ഒരുകോടി രൂപ മാണി കോഴവാങ്ങിയെന്ന് ബാറുടമ ബിജു രമേശിന്റെ ആരോപണമാണ് കേസിനാസ്പദമായ സംഭവം. തുടർന്നാണ് ആരോപണത്തെക്കുറിച്ച് അന്വേഷണം നടന്നത്.
കേസിൽ മാണിക്കെതിരേ തെളിവില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം സമർപ്പിച്ച മൂന്നാമത്തെ റിപ്പോർട്ട് തള്ളിയ കോടതി തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാരിന്റെ അനുമതി വാങ്ങാൻ വിജിലൻസിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഡിസംബർ 10 നു മുൻപാകെ സർക്കാർ അനുമതി വാങ്ങാനാണ് വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha























