ഒമ്പത്, പത്ത് ക്ലാസുകളിലെ സാമൂഹികശാസ്ത്ര പുസ്തകത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം പിന്‍വലിച്ചു

വിവാദമായതോടെ ഒമ്പത്, 10 ക്ലാസുകളിലെ സാമൂഹികശാസ്ത്ര പുസ്തകത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം പിന്‍വലിച്ചു. ചരിത്രപുരുഷന്മാരെക്കുറിച്ചുള്ള കുറിപ്പുകളും പാഠഭാഗങ്ങളും വെട്ടിക്കുറക്കാനോ ഒഴിവാക്കാനോ ആയിരുന്നു കരിക്കുലം കമ്മിറ്റിയുടെ തീരുമാനം.
കേരളത്തിലെ ആദ്യ ചരിത്രഗ്രന്ഥമായി അറിയപ്പെടുന്ന ശൈഖ് സൈനുദ്ദീന്‍ മക്തൂം രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ സംബന്ധിച്ച് അധികവായനക്കായി നല്‍കിയ ഭാഗം, ഖാദി മുഹമ്മദ് രചിച്ച ഫത്ഹുല്‍ മുഈനെക്കുറിച്ച് ബോക്‌സില്‍ നല്‍കിയ കുറിപ്പ് എന്നിവ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.
10ാം ക്ലാസിലെ സാമൂഹികശാസ്ത്രത്തില്‍ ചെമ്പകരാമന്‍പിള്ള, വി.പി. മേനോന്‍, വിക്രംസാരാഭായ്, കുഞ്ഞാലിമരയ്ക്കാര്‍, ചേറ്റൂര്‍ ശങ്കരന്‍നായര്‍ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങളും കുളച്ചല്‍ യുദ്ധം, കുണ്ടറ വിളംബരം, പടപ്പാട്ടുകള്‍, ലാറ്റിനമേരിക്കന്‍ വിപ്ലവം എന്നിവയെക്കുറിച്ചുള്ള ലഘുകുറിപ്പുകളും നീക്കാന്‍ തീരുമാനിച്ചവയില്‍പെടും ഈ പാഠഭാഗങ്ങള്‍ നിലനിര്‍ത്തണമെന്ന് കാണിച്ച് കരിക്കുലം കമ്മിറ്റി അംഗം ഡോ. അബ്ദുല്‍ അസീസ് കരിക്കുലം സബ്കമ്മിറ്റിക്ക് കുറിപ്പ് നല്‍കിയിരുന്നു.
പാഠഭാഗങ്ങള്‍ മാറ്റുന്നതിനെതിരെ കരിക്കുലം കമ്മിറ്റി അംഗങ്ങളായ പി. ഹരിഗോവിന്ദനും സി.പി. ചെറിയമുഹമ്മദും സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ചില പാഠഭാഗങ്ങള്‍ ഒഴിവാക്കാനുള്ള നീക്കം ഇടതുമുന്നണിക്കകത്ത് പോലും വിമര്‍ശന വിധേയമായതോടെ ഭേദഗതി പിന്‍വലിക്കാന്‍ എസ്.സി.ഇ.ആര്‍.ടി തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ഒമ്പത്, 10 ക്ലാസുകളിലെ സാമൂഹികശാസ്ത്രം പാഠപുസ്തകങ്ങളില്‍നിന്ന് കുഞ്ഞാലിമരയ്ക്കാരെയും തുഹ്ഫത്തുല്‍ മുജാഹിദീനെയും സംബന്ധിച്ച പാഠഭാഗം മാറ്റുന്നു എന്ന വാര്‍ത്തകള്‍ സത്യവിരുദ്ധമാണെന്ന് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് അറിയിച്ചു.
പാഠഭാഗങ്ങളില്‍ നല്‍കിയ വിവരങ്ങള്‍ക്കു പുറമേ, നിരവധി ഗ്രന്ഥങ്ങളില്‍നിന്നും സന്ദര്‍ഭാനുസരണം എടുത്തുചേര്‍ത്ത 'ബോക്‌സുകളും' ഈ അധ്യായങ്ങളിലുണ്ടായിരുന്നു. പാഠ്യപദ്ധതി ലക്ഷ്യം നേടുന്നതില്‍ ഇവയില്‍ പലതും പ്രസക്തമല്ല. ഈ ബോക്‌സുകള്‍ അധികവായനക്കുള്ളതുമാണ്.ബോക്‌സുകളുടെ ആധിക്യം ക്ലാസ് റൂം വിനിമയത്തെയും കുട്ടികളുടെ വായനയെയും തടസ്സപ്പെടുത്തുന്നതായി കരിക്കുലം സബ്കമ്മിറ്റി അഭിപ്രായപ്പെടുകയുണ്ടായി. ഇതു സംസ്ഥാന കരിക്കുലം കമ്മിറ്റിയുടെ പരിഗണനക്ക് വന്നപ്പോള്‍, സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം തീരുമാനിച്ച സാഹചര്യത്തില്‍ 'ബോക്‌സുകള്‍' പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























