മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ശ്രമം; ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ച രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടുന്നു

ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ച രഹ്ന ഫാത്തിമ തനിക്ക് മുൻകൂർ ജാമ്യം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. മതവിശ്വാസത്തെ അവഹേളിച്ചെന്ന കേസിലാണ് രഹ്ന ഫാത്തിമ മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്.
ശബരിമലയിൽ ക്ഷേത്രദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമയ്ക്കെതിരെ പത്തനംതിട്ട പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മതവിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നുമായിരുന്നു രഹ്നക്കെതിരെയുള്ള പരാതി. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണമേനോനാണ് പരാതി നൽകിയത്.
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ രഹ്ന ഫാത്തിമ ക്ഷേത്രദർശനത്തിന് എത്തിയിരുന്നു. എന്നാൽ ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നടപ്പന്തൽ വരെ മാത്രമേ ഇവർക്ക് പോകാനായുള്ളു. പിന്നീട് പോലീസ് സംരക്ഷണയിൽ തിരിച്ചിറങ്ങുകയായിരുന്നു. അതേസമയം ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് പിന്നാലെ രഹ്നയുടെ കൊച്ചിയിലെ ക്വാർട്ടേഴ്സ് ആക്രമിക്കപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























