സമരം പ്രഖ്യാപിച്ച പി എസ് ശ്രീധരൻ പിള്ള ഉൾപ്പെടെയുള്ള നേതാക്കൾ സമരത്തെ കുറിച്ച് ഒരക്ഷരവും പ്രതികരിക്കുന്നില്ല; ശബരിമല സമരം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ ബിജെപി നേതൃത്വം

ശബരിമല സമരം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ ബിജെപി നേതൃത്വം കുഴയുമ്പോൾ ശോഭാ സുരേന്ദ്രന് നിരാഹാര സത്യഗ്രഹം മടുത്തു. എത്രയും വേഗം സമരം അവസാനിപ്പിക്കണമെന്നാണ് അവരുടെ ആഗ്രഹം. എന്നാൽ ശബരിമല സത്യാഗ്രഹത്തിൽ നിന്ന് പിൻമാറാൻ ബിജെപിയിലെ പ്രബലവിഭാഗം തയ്യാറല്ല.
സമരം പ്രഖ്യാപിച്ച പി എസ് ശ്രീധരൻ പിള്ള ഉൾപ്പെടെയുള്ള നേതാക്കൾ സമരത്തെ കുറിച്ച് ഒരക്ഷരവും പ്രതികരിക്കുന്നില്ല. ജനുവരി 22 ന് കോടതി വിധി വരുന്നതി വരെ കാക്കാമെന്നാണ് നിലപാട്. എന്നാൽ ജനുവരി 22 ന് വരുന്ന കോടതി വിധി യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം എന്നാണെങ്കിൽ എന്തു ചെയ്യുമെന്നാണ് ബിജെപി നേതൃത്വത്തെ അലട്ടുന്ന ചോദ്യം.
സുപ്രീം കോടതി വിധി കേന്ദ്ര ഓർഡിനൻസിലൂടെ മറികടക്കാമെന്നിരിക്കെ കേന്ദ്രം ഭരിക്കുന്ന പാർട്ടി തന്നെ സെക്രട്ടേറിയറ്റിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ ദയയ്ക്ക് വേണ്ടി സമരം കിടക്കുന്നത് ശരിയല്ലെന്ന് പറയുന്ന മലയാളികൾ ധാരാളമുണ്ട്. എന്നാൽ അത്തരമൊരു ചർച്ചയിലേക്ക് വിഷയത്തെ ബിജെപി തിരിച്ചു വിട്ടിട്ടില്ല. അതിന്റെ കാരണം എന്താണെന്ന് ആർക്കും മനസിലായിട്ടില്ല. ശബരിമലസമരത്തെ ശ്രീധരൻ പിള്ള തള്ളി പറയാത്തതിന്റെ കാരണവും ഇതു തന്നെയാണ്. കേന്ദ്രസർക്കാരിന്റെ നിലപാടും ശ്രീധരൻ പിള്ളക്ക് അനുകൂലമാണ്.
ഔദ്യോഗികപക്ഷത്തിനെതിരെ രംഗത്തു നിൽക്കുന്നവരെല്ലാം സത്യാഗ്രഹത്തിന് പോരട്ടെ എന്നാണ് ശ്രീധരൻ പിള്ളയുടെ നിലപാട്. ബിജെപി നേതാവ് കെ സുരേന്ദ്രനെ കുറിച്ച് കുറെ നാളായി യാതൊരു വാർത്തയുമില്ല. അദ്ദേഹം എവിടെയാണെന്ന് പോലും ആർക്കുമറിയില്ല. മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പിന് മുമ്പ് ഒരു കുരുക്കിലും വീഴാതിരിക്കാൻ ശ്രദ്ധിച്ചാണ് സുരേന്ദ്രൻ നീങ്ങുന്നത്.
യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വാക്കുകൾ കണക്കിലെടുത്ത് ബിജെപിക്ക് സമരത്തിൽ നിന്ന് പിൻ വാങ്ങാവുന്നകേയുള്ളു . പത്മകുമാർ പറഞ്ഞത് സർക്കാരിന്റെ വാക്കുകളാണ്. യുവതികളെ ശബരിമലയിൽ പ്രവേശിക്കാൻ തത്കാലം സാധിക്കില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ പറഞ്ഞത്. ഇതൊരു അവസരമാണെന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ടവർ പറയുന്നത്. പന്തളം കൊട്ടാരവും ഇതിനോട് അനുകൂലിക്കുകയാണ് ചെയ്തത്. എൻ എസ് എസ് പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സർക്കാരിനെ വിശ്വാസത്തിലെടുക്കാൻ എൻ എൻ എസ് തയ്യാറല്ല.
കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നെത്തിയ സംഘത്തെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരുന്നതിൽ സർക്കാരിന്റെ തന്ത്രമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അധികം. അത് ശരിയാണ്. സർക്കാരിന് സുപ്രീം കോടതി വിധിക്കെതിരെ പരസ്യമായി പ്രതികരിക്കാൻ കഴിയില്ല. എന്നാൽ ദേവസ്വം ബോർഡിന് പറയാം. അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
ഒടുവിൽ കോൺഗ്രസ് എം എൽ എമാർക്ക് സംഭവിച്ചത് സംഭവിക്കണോ എന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കൾ ചോദിക്കുന്നത്. പിണറായി വിജയനെ വിശ്വസിച്ച് സമരം നീട്ടി കൊണ്ടു പോയിട്ട് യാതൊരു കാര്യവുമില്ല. അദ്ദേഹം വിട്ടുവീഴ്ചക്ക് തയ്യാറാവുകയേയില്ല. അപ്പോൾ പത്മകുമാറിന്റെ വാക്കുകളിൽ മുറുകെ പിടിച്ച് വിഷയത്തിൽ നിന്ന് രക്ഷപ്പെടുകയല്ലേ ഭേദം? ഇല്ലെങ്കിൽ എതിരാകുന്ന സുപ്രീം കോടതി വിധിയുടെ പേരിൽ തോൽക്കുന്ന സമരം നടത്തേണ്ടി വരും.
അതിനിടെ കേന്ദ്ര ബി ജെ പി നേതൃത്വം സമരത്തെ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സത്യഗ്രഹത്തിന്റെ ഉദ്ഘാടനത്തിന് മാത്രമാണ് ഒരു കേന്ദ്ര നേതാവ് വന്നത്. സത്യഗ്രഹം കാണാൻ അമിത് ഷാ വരുമെന്നൊക്കെ ബിജെപി നേതൃത്വം വീമ്പിളക്കിയിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
https://www.facebook.com/Malayalivartha
























