പതിനായിരങ്ങള്‍ പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നതിന്റെ കരുത്തുമായി ബി.ജെ.പി നവാഗത നേതൃസംഗമം നാളെ, അയ്യപ്പജ്യോതിയിലേക്ക് തുഷാറിനെ ക്ഷണിച്ചോ എന്നറിയില്ലെന്ന് പി.എസ് ശ്രീധരന്‍പിള്ള

പതിനായിരങ്ങള്‍ പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നതിന്റെ കരുത്തുമായി ബി.ജെ.പി നവാഗത നേതൃസംഗമം നാളെ നടക്കും. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം ബി. രാമന്‍നായര്‍ ഉള്‍പ്പെടെ 11600 പേരാണ് മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ എത്തിയതെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറ്റ് പാര്‍ട്ടികളിലെ ഉന്നതന്മാരും ബിജെപിയില്‍ എത്തി. പുതിയ അംഗങ്ങളെ നാളെ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിചയപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ബി.ജെ.പിക്ക് ഇത്രയും അംഗസംഖ്യ വര്‍ദ്ധിക്കുന്നത്.
ശബരിമല ആചാരസംരക്ഷണത്തിനായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയ അയ്യപ്പജ്യോതി വന്‍ വിജയമാണെന്നും ശ്രീധരന്‍പിള്ള അവകാശപ്പെട്ടു. സര്‍ക്കാരിന്റെ പിന്തുണയില്ലാതെ പാറശാല മുതല്‍ മഞ്ചേശ്വരം വരെ കത്തിച്ച ജ്യോതി ഭക്തജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശബരിമലയില്‍ യുവതികളെ കയറ്റാനുള്ള സര്‍ക്കാര്‍ നിലപാട് വിശ്വാസികളെ മാനിച്ച് തിരുത്തണം. എല്‍ഡിഎഫ് അധ:പതിച്ചെന്നും ആര്‍. ബാലകൃഷ്ണപിള്ളയേയും ഐ.എന്‍.എല്ലിനേയും കൂടെ കൂ്ട്ടി ഗതികേടിന്റെ രാഷ്ട്രീയം പയറ്റുകയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.
അയ്യപ്പജ്യോതിയില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അടക്കം പങ്കെടുത്തില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അവരെ ക്ഷണിച്ചോ എന്നറിയില്ല, അയ്യപ്പ ജ്യോതി രാഷ്ട്രീയ പരിപാടി ആയിരുന്നില്ലെന്ന് ശ്രീധരന്‍പിള്ള മറുപടി നല്‍കി. ശബരിമല കര്‍മ്മസമിതിയുടെ എല്ലാ പരിപാടികള്‍ക്കും തുടക്കം മുതലേ ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബി.ഡി.ജെ.എസ് ഉള്‍പ്പെടെയുള്ള മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അയ്യപ്പ ജ്യോതിക്ക് പിന്തുണ പ്രഖ്യാപിച്ചതായി തനിക്ക് അറിയില്ലെന്നും പറഞ്ഞു. അയ്യപ്പജ്യോതിയിലേക്ക് ഇന്നലെ ഉച്ചകഴിഞ്ഞാണ് തന്നെ ക്ഷണിച്ചതെന്നും മുന്‍കൂട്ടി തീരുമാനിച്ച പരിപാടി ഉളളതിനാല്‍ പങ്കെടുക്കാനായില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചിരുന്നു.
എന്നാല്‍ ശ്രീധരന്‍പിള്ള എന്‍.ഡി.എയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയിലെ വൈസ്‌ക്യാപ്ടനായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസും ബി.ജെ.പിയും ചേര്‍ന്നാണ് ശബരിമല ആചാരസംരക്ഷണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഇടപെല്‍ കാരണമാണ് തുഷാര്‍ പരിപാടിയില്‍ പങ്കെടുക്കാത്തതെന്ന് വ്യക്തമാണ്.
https://www.facebook.com/Malayalivartha
























