ഒന്നരമാസം മുമ്പ് കാണാതായപ്പോള്‍, ആക്രമിക്കപ്പെട്ടു എന്നതിന് തെളിവുകള്‍ ലഭിച്ച സന്ദീപിനെ കാമുകിക്കൊപ്പം മുംബൈയില്‍ കണ്ടെത്തി

കോഴിക്കോട്-കര്‍ണാടകയ്ക്കുള്ള യാത്രമാധ്യേ ഒന്നരമാസം മുമ്പ് കാണാതായ സന്ദീപിനെ കാമുകിക്കൊപ്പം മുംബൈയില്‍ നിന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തിരോധാന നാടകമുണ്ടാക്കി ഭാര്യയേയും എല്‍കെജി വിദ്യാര്‍ത്ഥിയായ കുട്ടിയേയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം മുങ്ങിയത് കുറ്റിയാടി മൊകേരി സ്വദേശി സന്ദീപാണ്. ഇയാളെ മുംബൈ കല്‍വയില്‍ നിന്നും കാമുകി അശ്വനിക്കൊപ്പമാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ ഐബേര്‍ഡ് മീഡിയ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായിരുന്നു സന്ദീപ്. ഇതേ സ്ഥാപനത്തില്‍ തന്നെ കുറച്ചുനാളുകള്‍ക്കു മുമ്പ് ജോലിക്കെത്തിയ അശ്വനി എന്ന പെണ്‍കുട്ടിയ്‌ക്കൊപ്പമാണ് ഇയാള്‍ മുംബൈയില്‍ താമസിച്ചു വന്നത്. നവംബര്‍ 25-ാം തിയതി കര്‍ണാടകയിലേക്ക് യാത്ര തിരിച്ച സന്ദീപിനെ കാണാതാകുകയായിരുന്നു.
രണ്ടു ദിവസത്തിനു ശേഷവും, സോളോ റൈഡറായ സന്ദീപ് തിരികെ എത്താതായതോടെ ഭാര്യ ഷിജി കോഴിക്കോട് നല്ലളം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മൊകേരി സ്വദേശിയായ ഇവര്‍ കുറച്ചു കാലമായി കോഴിക്കോട് പാലാഴിയിലായിരുന്നു താമസം. കാണാതായതിനു പിന്നാലെ ബൈക്കും പൊട്ടിയ വാച്ചും കര്‍ണാടക തുംഗ നദിക്കരയില്‍ വെച്ച് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ കൊലപാത ശ്രമം നടന്നതായും സ്വര്‍ണ്ണക്കടത്തുകാരാകും പിന്നിലെന്നും ആദ്യ ഘട്ടത്തില്‍ സംശയമുയര്‍ന്നു.
സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം ഇയാള്‍ കരുതിക്കൂട്ടി ഒരുക്കിയ തിരോധാന നാടകമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് കണ്ടെത്തിയ തുംഗ നദിയില്‍ ആദ്യം അന്വേഷണ സംഘം കര്‍ണാടക പോലീസിന്റെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധരെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നു.
അന്വേഷണം മുന്നോട്ടു പോകുന്നതിനിടെ മെഡിക്കല്‍ കോളേജ് സ്‌റ്റേഷനില്‍ അശ്വനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേസ് വന്നതോടെയാണ് കേസിന് വഴിത്തിരിവാകുന്നത്. കോഴിക്കോട് തൊണ്ടയാട് സ്വദേശിനിയായ അശ്വനിയെ, സന്ദീപിനെ കാണാതായ നവംബര്‍ 25-നു ശേഷം രണ്ടാഴ്ച കഴിഞ്ഞ്, ഡിസംബര്‍ 10-ാം തീയതി മുതല്‍ കാണാതായതായാണ് പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്.
https://www.facebook.com/Malayalivartha
























