പ്രളയം നേരിടാന്‍ സഹായിച്ച കേരളത്തിന്റെ പുരോഗമന സ്വഭാവം ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നെന്നും നമ്മുടെ ഒരുമ അവരെ അസ്വസ്ഥമാക്കുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷവിമര്‍ശനം

കേരളത്തിന്റെ പുരോഗമന സ്വഭാവമാണ് കാലവര്‍ഷക്കെടുതിയെ ഒറ്റക്കെട്ടായി നേരിടാന്‍ സഹായിച്ചതെന്നും ഈ ഒരുമ ചില നിക്ഷിപ്ത താത്പര്യക്കാരെ അസ്വസ്ഥമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ ഒരുമ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു. ഇത്തരം ഛിദ്രശക്തികളുടെ അജണ്ടയെ അതിജീവിക്കല്‍ കൂടിയാണ് കേരള പുനര്‍നിര്‍മാണമെന്നും മുഖ്യമന്ത്രി ബി.ജെ.പിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. പുതിയ ഭവന സംസ്‌കാരത്തെക്കുറിച്ച് നാം ആലോചിക്കണം. കേരളത്തെ സംബന്ധിച്ച് ടൂറിസം ശക്തമായ മേഖലയാണെന്ന് തിരിച്ചറിയണം.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കോഴ്‌സുകളിലും സിലബസിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരണം. കേരളത്തെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ ഹബ് ആയി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കണം. പ്രവാസികളുടെ സമ്പത്ത് നാടിന്റെ പുരോഗതിക്കായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പരിശോധിക്കണം. മാലിന്യ നിര്‍മാര്‍ജനത്തിനും സംസ്‌കരണത്തിനും കേന്ദ്രീകൃത പദ്ധതികള്‍ വേണ്ടിവരും. മത്‌സ്യത്തൊഴിലാളി സമൂഹത്തെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രളയത്തില്‍ തകര്‍ന്ന വീടുകളും പാലങ്ങളും റോഡുകളും ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പുനര്‍നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജനങ്ങളുടെ യോജിപ്പ് അനിവാര്യമാണ്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണം. പുനര്‍നിര്‍മാണം സമയബന്ധിതമായി നടപ്പാക്കേണ്ടതുണ്ട്. എന്നാലിത് സുസ്ഥിരതയെ ബലി കഴിച്ചുകൊണ്ടാകരുത്. പുനര്‍നിര്‍മാണ പ്രക്രിയയില്‍ സുസ്ഥിര സംവിധാനം ഉള്‍പ്പെടുത്താനും പ്രോത്‌സാഹിപ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
പുനര്‍നിര്‍മാണത്തില്‍ നൂതന ആശയങ്ങള്‍ ഉള്‍പ്പെടുത്തും. ഇത്തരം ആശയങ്ങള്‍ സര്‍ക്കാര്‍ സമാഹരിക്കും. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള വിദഗ്ധാഭിപ്രായം സ്വീകരിക്കും. മഴയുടെയും വെള്ളപ്പൊക്കത്തിന്റേയും ആഘാതം സംബന്ധിച്ച് വിവരങ്ങള്‍ ഡിജിറ്റലായി ശേഖരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനര്‍നിര്‍മാണത്തിനൊപ്പം പുരോഗമനപരവും മതനിരപേക്ഷവുമായി സമൂഹം നിലനില്‍ക്കുന്നുവെന്ന് ഉറപ്പ് വരുത്തും. പ്രതിസന്ധികള്‍ക്ക് തകര്‍ക്കാനാവാത്ത സുസ്ഥിരതയായിരിക്കും കേരള പുനര്‍നിര്‍മാണത്തിന്റെ മുഖമുദ്ര. സുസ്ഥിര ജീവനോപാധി സൃഷ്ടിക്കുന്നതിന് തനത് സാധ്യതകളും അന്താരാഷ്ട്ര സഹായങ്ങളും ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
ജലം അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ് അത് മലിനപ്പെടാതിരിക്കാന്‍ വലിയ ജാഗ്രത പുനര്‍നിര്‍മാണ വേളയില്‍ പുലര്‍ത്തണം. ജലമേഖലയില്‍ അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം സ്വീകരിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ നെതര്‍ലാന്‍ഡിന്റെ സഹായം സ്വീകരിക്കാന്‍ ശ്രമം നടക്കുന്നു. വീടുകളുടെ പുനര്‍നിര്‍മാണത്തില്‍ പരമ്പരാഗത രീതി മാറ്റി പുതിയ സാധ്യതകള്‍ വിനിയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
https://www.facebook.com/Malayalivartha

























