സൗകര്യമുണ്ടെങ്കില്‍ കെ എസ്സ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്താല്‍ മതി, അല്ലാത്തവര്‍ക്ക് ഇവിടെ ഇറങ്ങാം...എന്ന് പറഞ്ഞ് യാത്രയ്ക്കിടെ വണ്ടി നിര്‍ത്തി ഡ്രൈവറുടെ ധാര്‍ഷ്ട്യം

പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധികളിേലക്ക് ദിനംപ്രതി കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ അധികൃതര്‍ നെട്ടോട്ടമോടുമ്പോള്‍ ജീവനക്കാരുടെ മാറേണ്ട മനോഭാവത്തിന് ഒരു ഉദാഹരണമായി യുവാവിന്റെ ഈ കുറിപ്പ്. എറണാകുളം പാലാ റൂട്ടില്‍ ഓടുന്ന ബസില്‍ കണ്ട കാഴ്ചയാണ് ബാലു മഹേന്ദ്രയെന്ന യുവാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
എറണാകുളത്ത് നിന്ന് പാലായിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ തലയോലപ്പറമ്പിന് അടുത്തെത്തിയപ്പോള്‍ ബസ് നിര്‍ത്തി വഴിയില്‍ നിന്ന പരിചയക്കാരനോട് വര്‍ത്തമാനം പറയാനും ആരംഭിച്ചു. കുറേ നേരമായിട്ടും സംസാരം നിര്‍ത്താതിരുന്നതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഒരു യാത്രക്കാരന്‍ ഡ്രൈവറോട് വണ്ടി എടുക്കാന്‍ ഉച്ചത്തില്‍ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
യാത്രക്കാരന്റെ ഉറച്ച ശബ്ദത്തിലുള്ള താക്കീത് ഡ്രൈവര്‍ക്ക് അത്ര ഇഷ്ടമായില്ലെങ്കിലും ഇയാള്‍ സംസാരം നിര്‍ത്തി ബസ് മുന്നോട്ടെടുത്തു. പിന്നീട,് പ്രതിഷേധിച്ച യാത്രക്കാരന്‍ ഏറ്റുമാനൂരില്‍ ഇറങ്ങിയപ്പോള്‍ ഡ്രൈവറും ബസില്‍ നിന്നിറങ്ങി യാത്രക്കാരനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദിച്ച ശേഷം, സൗകര്യമുള്ളവര്‍ ബസില്‍ യാത്ര ചെയ്താല്‍ മതിയെന്നും അല്ലാത്തവര്‍ ഇവിടെ ഇറങ്ങിക്കോണം എന്നും ഡ്രൈവര്‍ ഭീഷണി മുഴക്കിയതായി യുവാവ് ഫെയസ്ബുക്കില്‍ കുറിച്ചു.
'കെ.എസ്.ആര്‍.ടി.സിയുടെ യൂണിയനുകളില്‍പെട്ട മഹാന്‍മാര്‍ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം മൊബൈല്‍ ഫോണില്‍ വിളി തുടങ്ങിയിട്ടുണ്ട്. ഏതായാലും അടികൊണ്ട, പേരറിയാത്ത ആ സഹോദരനുവേണ്ടി പരാതിയില്‍ ഉറച്ചു നില്‍ക്കാന്‍ തന്നെയാണ് തീരുമാനം. മര്‍ദനത്തിന്റെ വീഡിയോ കിട്ടാനായി ഏറ്റുമാനൂരിലെ കടക്കാരോട് സി.സി.ടി.വി ദൃശ്യങ്ങള്‍ തരാമോയെന്നും രാവിലെ ചോദിച്ചിട്ടുണ്ട്. ഈ ഗുണ്ടായിസം ഇന്ന് പൂട്ടിയില്ലെങ്കില്‍ നാളെ എനിക്കും നിങ്ങള്‍ക്കും നേരെ ഇവന്‍മാര്‍ കൈ ഉയര്‍ത്തും. അതിനാല്‍ കുറച്ച് നാള്‍ വെള്ളം കുടിച്ച് നടക്കട്ടെ.' അദ്ദേഹം കുറിച്ചു.
https://www.facebook.com/Malayalivartha























