മനുഷ്യരെ നന്നാക്കാനല്ല വനിതാ മതിൽ ;വനിതാ മതിൽ ശിവഗിരി തീർഥാടനത്തെ അട്ടിമറിച്ചു ; വനിതാ മതിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവഗിരി മഠം

വനിതാ മതിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവഗിരി മഠം. മനുഷ്യരെ നന്നാക്കാനല്ല വനിതാ മതിലെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പ്രതികരിച്ചു. തീർത്ഥാടന വിഷയമായ ശാസ്ത്ര സാങ്കേതിക പരിശീലനത്തെ അടിസ്ഥാനമാക്കിയുള്ള സമ്മേളനത്തിലെ അദ്ധ്യക്ഷ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മനുഷ്യൻ ഒഴിച്ച് മറ്റൊന്നിനെയും നന്നാക്കേണ്ടതില്ല എന്ന സത്യം അറിഞ്ഞാണ് ഗുരുദേവൻ 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി 'എന്ന് ഉദ്ഘോഷിച്ചത്.അതായത് മനുഷ്യൻ ഒഴിച്ച് മറ്റ് ജീവജാലങ്ങൾ പ്രപഞ്ചത്തെ അറിഞ്ഞ് ജീവിക്കുകയാണ്.
എന്നാൽ മനുഷ്യന് അറിവ് ലഭിക്കുന്നതിന് വേണ്ടിയാണ് ഗുരുദേവൻ അറിവിന്റെ തീർത്ഥാടനത്തിന് അനുമതി നൽകിയത്. അതിന് പ്രത്യേകം എടുത്തുപറഞ്ഞത് ഓരോവിഷയത്തിലും പ്രഗത്ഭർ ചിന്തകൾ പകർന്നുനൽകണമെന്നാണ്.ഭഗവാൻ അറിവിന്റെ തീർത്ഥാടനത്തിന് തിരഞ്ഞെടുത്ത ദിവസം തന്നെ മതിൽ സംഘടിപ്പിച്ചത് ശരിയോ എന്ന് ചിന്തിക്കണം. തീർത്ഥാടന വേദിയിലെത്തി രാഷ്ട്രീയക്കാർ ഗുരുവിനെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ചിന്തയ്ക്ക് അനുസരിച്ച് അവർ പ്രവർത്തിക്കുന്നില്ല.
തീർത്ഥാടനത്തിന് ആളെക്കുറച്ചതിൽ ആരൊക്കെയോ ഇപ്പോൾ സന്തോഷിക്കുകയാവും. പ്രകൃതിയെ മറന്നുകൊണ്ടുള്ള ശാസ്ത്രവളർച്ച അപകടകരമാണെന്ന് പ്രളയത്തിലൂടെ അടുത്തിടെ നാം കണ്ടതാണ്. മാസങ്ങൾക്കകം അത് മറന്ന രീതിയാണ് കാണുന്നതെന്നും വിശുദ്ധാനന്ദ പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സമാപന ദിനമാണ് ഇന്ന്.
വനിതാ മതിലിനും സര്‍ക്കാരിനും രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് രംഗത്തെത്തിയിരുന്നു. വനിതാ മതില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുമെന്നും ചെകുത്താന്റെ സ്വന്തം നാടാക്കി കേരളത്തെ മാറ്റുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നത് ആചാരവും അനാചാരവും അറിയാത്തവരാണ് എന്നും അദ്ദേഹം പ്രതികരിച്ചു.
https://www.facebook.com/Malayalivartha



























