അഭിമാന നിമിഷങ്ങളുമായി കേരളം; രണ്ടു മാസത്തിനുള്ളിൽ നാല‌് ചെറുകിട പ്രകൃതിവാതക വിതരണസ‌്റ്റേഷനുകള്‍ ആരംഭിക്കാനൊരുങ്ങുന്നു

രണ്ടു മാസത്തിനുള്ളിൽ കേരളത്തിൽ പെട്രോനെറ്റ‌് എല്‍എന്‍ജി നാല‌് ചെറുകിട പ്രകൃതിവാതക വിതരണസ‌്റ്റേഷനുകള്‍ ആരംഭിക്കുമെന്ന‌് കമ്പനി എംഡിയും സിഇഒയുമായ പ്രഭാത‌് സിങ‌്. എറണാകുളം പ്രസ‌് ക്ലബ്ബിന്റെ 'മീറ്റ‌് ദി പ്രസ‌്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, എറണാകുളം, എടപ്പാള്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ‌് വിതരണസ‌്റ്റേഷനുകള്‍. രണ്ടു മാസത്തിനകം ഇതിന‌് അന്തിമരൂപമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ എല്‍എന്‍ജിക്കു കൂടുതല്‍ ആവശ്യക്കാരുള്ള ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ എല്‍എന്‍ജി സ‌്റ്റേഷനുകള്‍ പൂര്‍ത്തിയായാല്‍ അടുത്ത ശ്രദ്ധ കേരളത്തിലാകും. കൊച്ചിയില്‍ മാര്‍ച്ച‌് അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട‌് എല്‍എന്‍ജി ബസുകള്‍ പെട്രോനെറ്റ‌് തന്നെ രൂപകല്‍പ്പന നടത്തി പുറത്തിറക്കും.
എല്‍എല്‍ജിയിലേക്ക‌് മാറാന്‍ ചെലവ‌് അല്‍പ്പം കൂടുമെങ്കിലും ഉയരുന്ന എണ്ണവിലയും ദൗര്‍ലഭ്യവും കണക്കിലെടുക്കുമ്പോൾ ഭാവിയില്‍ വലിയ ലാഭമാകും. പരിസ്ഥിതി സൗഹൃദവാതകമായതിനാല്‍ ഭാവിയില്‍ ബസുകളും ട്രക്കുകളും എല്‍എന്‍ജി അധിഷ‌്ഠിതമാകുമെന്നാണ‌് പ്രതീക്ഷ.
ഇപ്പോള്‍ കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനല്‍ സ്ഥാപിതശേഷിയുടെ എട്ടുമുതല്‍ 10 ശതമാനംവരെ മാത്രമാണ‌് ഉപയോഗിക്കുന്നത‌്. കൊച്ചി-- മംഗളുരു പ്രകൃതിവാതക പൈപ്പ‌്‌ലൈന്‍ ശൃംഖല മേയില്‍ പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷ ഉപയോഗം 40 ശതമാനം വര്‍ധിക്കുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്.
ഗ്യാസ‌് പൈപ്പ‌്‌ലൈന്‍ പ്രവൃത്തികള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. എല്‍ഡിഎഫ‌് സര്‍ക്കാര്‍ വന്നശേഷം മുഖ്യമന്ത്രി മുന്‍കൈയെടുത്തതോടെയാണ‌് പദ്ധതി വേഗത്തിലായത‌്. ഇതിന‌് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. വാതക പൈപ്പ‌്‌ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന‌് ഭാവിയില്‍ വലിയ നേട്ടം കൊയ്യാനാകും. കൂറ്റനാട‌്--ബംഗളൂരു പൈപ‌് ലൈന്‍കൂടി കമീഷന്‍ ചെയ്യുന്നതോടെ ദേശീയ പൈപ്പ‌്‌ലൈന്‍ ശൃംഖലയുടെ ഭാഗമാകാന്‍ കഴിയും.
ബിഎസ‌്‌ഇഎസിന്റെ കൊച്ചിയിലെ പ്ലാന്റിനും എന്‍ടിപിസിയുടെ കായംകുളം പ്ലാന്റിനും ഊജോല്‍പ്പാദനത്തില്‍ അസംസ‌്കൃത ഇന്ധനമായി പ്രകൃതിവാതകം നല്‍കുന്നതിനുള്ള കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ പെട്രോനെറ്റ‌് തീരുമാനിച്ചിട്ടുണ്ട‌്. ഇതിനുള്ള നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട‌്. ചര്‍ച്ച പ്രാഥമികഘട്ടത്തിലാണ‌്. നാഫ‌്ത, ഡീസല്‍ എന്നിവ ഉപയോഗിക്കുന്നതിനേക്കാള്‍ ചെലവു കുറയും. എല്‍എന്‍ജി ഉപയോഗിക്കുമ്ബോള്‍ യൂണിറ്റൊന്നിന‌് അഞ്ചുമുതല്‍ ആറു രൂപവരെയേ ചെലവു വരൂ. പെട്രോനെറ്റിന്റെ ഗുജറാത്തിലെ ദഹേജ‌് ടെര്‍മിനല്‍ സ്ഥാപിതശേഷിയുടെ 110 ശതമാനം ഉപയോഗപ്പെടുത്തി. വാതക ടെര്‍മിനലുകളുടെ ഉപയോഗത്തിലെ ലോക റെക്കോര്‍ഡാണിത‌്.
എല്‍എന്‍ജിയുമായി ഇതിനകം ആയിരത്തോളം കപ്പലുകള്‍ കഴിഞ്ഞഒൻപതുവര്‍ഷത്തിനകം ദഹേജിലെത്തിയിട്ടുണ്ട‌്. അഞ്ചുവര്‍ഷംകൊണ്ട‌് കൊച്ചിയിലെ ടെര്‍മിനലില്‍ എത്തിയ കപ്പലുകളുടെ എണ്ണം അൻപതാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ടെര്‍മിനല്‍ ഹെഡ‌് ടി നീലകണ‌്ഠനും മീറ്റ‌് ദ പ്രസില്‍ പങ്കെടുത്തു. പ്രസ‌്ക്ലബ‌് പ്രസിഡന്റ‌് ഡി ദിലീപ‌് അധ്യക്ഷനായി. സെക്രട്ടറി സുഗതന്‍ പി ബാലന്‍ സ്വാഗതം പറഞ്ഞു.
https://www.facebook.com/Malayalivartha
























