ടിക്കറ്റ് നിരക്കിന് പത്ത് ശതമാനം വിനോദനികുതി ബജറ്റില്‍ ഏര്‍പ്പെടുത്തിയത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച നടത്താന്‍ മമ്മൂട്ടിയും മോഹന്‍ലാലും മറ്റ് സിനിമാ സംഘടനകളും നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും

ടിക്കറ്റ് നിരക്കിന് പത്ത് ശതമാനം വിനോദനികുതി ബജറ്റില്‍ ഏര്‍പ്പെടുത്തിയത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച നടത്താന്‍ മമ്മൂട്ടിയും മോഹന്‍ലാലും മറ്റ് സിനിമാ സംഘടനകളും നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. ജി.എസ്.ടി നിരക്ക് കുറച്ചപ്പോള്‍ ടിക്കറ്റ് നിരക്ക് കുറഞ്ഞതാണ്. സംസ്ഥാന ബജറ്റില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓണ്‍ലൈന്‍ സൈറ്റുകള്‍ കൊള്ളയാണ് നടത്തുന്നതെന്ന് തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ കരാറൊപ്പിട്ട ഓണ്‍ലൈന്‍ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കണമെന്നും ആവശ്യപ്പെടും. അമ്മ, ഫെഫ്ക, ഫിയോക്, ഫിലിം ചേമ്പര്‍ എന്നീ സംഘടനകളാണ് ചര്‍ച്ച നടത്തുന്നത്.
ടിക്കറ്റ് നിരക്ക് കൂട്ടുന്നത് സിനിമയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് നിര്‍മാതാക്കളടക്കം പറയുന്നു. സിനിമ റിലീസാകുന്ന ആദ്യ ആഴ്ചമാത്രമാണ് നിര്‍മാതാവിന് മൊത്തം കളക്ഷന്റെ അറുപത് ശതമാനം ലഭിക്കുന്നത്. പടം ഹോള്‍ഡ് ഓവര്‍ ആണെങ്കില്‍ നിര്‍മാതാവിന്റെ സ്ഥിതി ദയനീയമാകും. അതിനാല്‍ 10 ശതമാനം അധിക നികുതി ഒഴിവാക്കണമെന്നാണ് ആവശ്യം. എന്നാല്‍ 10 ശതമാനം നികുതി വര്‍ദ്ധിപ്പിച്ചെങ്കിലും അത് ടിക്കറ്റ് നിരക്കിനെ ബാധിക്കില്ലെന്ന നിലപാടിലാണ് ധനമന്ത്രി തോമസ് ഐസക്ക്. സാറ്റലൈറ്റ് അവകാശത്തിന് വരെ സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയതോടെ സിനിമാ വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണ്. നികുതി പിരിക്കുകയല്ലാതെ വ്യവസായത്തിന്റെ ഉന്നതിക്കായി ഒരു സര്‍ക്കാരുകളും കാര്യമായി ഒന്നും ചെയ്യാറില്ലെന്ന് കഴിഞ്ഞയാഴ്ച ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ആരോപിച്ചിരുന്നു.
സിനിമയില്‍ ആഭ്യന്തര പരിഹാര സെല്‍ രൂപീകരിക്കണമെന്ന വിമന്‍ ഇന്‍ കളക്ടീവിന്റെ ആവശ്യത്തില്‍ അമ്മ അടക്കമുള്ള മറ്റ് സംഘടനകളുടെ നിലപാട് മുഖ്യമന്ത്രി ആരായുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് വിമന്‍ ഇന്‍ കളക്ടീവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അമ്മയ്ക്ക് അടക്കം നോട്ടീസ് അയച്ചിട്ടുണ്ട്. സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണം അടക്കമുള്ള കാര്യങ്ങളില്‍ ശക്തമായ നിലപാട് വേണമെന്ന ഉറച്ചനിലപാടിലാണ് മുഖ്യമന്ത്രി. അതിനാല്‍ അക്കാര്യം പ്രധാന ചര്‍ച്ചയാകും. യോഗത്തില്‍ വിമന്‍ ഇന്‍ കളക്ടീവ് പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. റിമാ കല്ലിങ്കല്‍ സി.പി.എമ്മുമായി ഏറെ അടുത്ത് സഹകരിക്കുന്നതിനാല്‍ അവരെയും വിളിക്കാന്‍ സാധ്യതയുണ്ട്. സാംസ്‌കാരിക മന്ത്രി എ.കെ ബാലനും ചര്‍ച്ചയില്‍ പങ്കെടുക്കും.
നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നടപടി സ്വീകരിച്ചത് കൊണ്ടാണ് ദിലീപിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായത്. സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഇടപെട്ട് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. അത് പോലെ സിനിമാക്കാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എതിര്‍പ്പ് അവഗണിച്ച് മുഖ്യമന്ത്രി മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുപ്പിച്ചത്. അതിനാല്‍ സര്‍ക്കാര്‍ നിലപാടുകള്‍ അമ്മ അംഗീകരിക്കാനാണ് സാധ്യത. മമ്മൂട്ടി സര്‍്ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നയാളാണ്. എന്നാല്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഗുഡ്‌ലിസ്റ്റില്‍ നിന്ന് എന്നേ പുറത്തായി.
https://www.facebook.com/Malayalivartha
























