എംഎൽഎമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്യുന്നു; ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി മത്സരിച്ചാൽ നല്ലത്, ഇല്ലെങ്കിലും ആവേശം കുറയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എംഎൽഎമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്യുന്നെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കുന്നത് നല്ലതാകുമെന്ന് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉമ്മൻ ചാണ്ടി മത്സരിച്ചില്ലെന്ന കാരണത്താൽ കോണ്ഗ്രസിന്റെ ആവേശത്തിനു കുറവുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ഫെബ്രുവരി 20 നും 25 നും ഇടയിൽ തയ്യാറാക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികൾക്കിടയിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മത്സരിക്കുന്നത് നല്ലതാണെന്ന് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. എന്നാൽ സിറ്റിംഗ് എം.എൽ.എമാർ വേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. ഉമ്മൻചാണ്ടിക്ക് മത്സരിക്കാൻ പറ്റിയില്ലെങ്കിലും കോൺഗ്രസിന്റെ ആവേശത്തിന് കുറവുണ്ടാകില്ലെന്നും ജനമഹായാത്രയുടെ മലപ്പുറം പര്യടനത്തിനിടെ മുല്ലപ്പള്ളി പറഞ്ഞു.
സിറ്റിംഗ് എംഎൽഎമാർ സ്ഥാനാർഥികളാകേണ്ടെന്ന് കോണ്ഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു. സിറ്റിംഗ് എംപിമാരിൽ മത്സരിക്കാൻ താത്പര്യമുള്ളവർക്ക് സീറ്റ് നൽകാനാണ് പാർട്ടി തീരുമാനം. അല്ലാത്ത മണ്ഡലങ്ങളിൽ ജയസാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക ഹൈക്കമാൻഡിന് സംസ്ഥാന കോണ്ഗ്രസ് നേതൃത്വങ്ങൾ നൽകണം. നേതൃത്വം ഇവരിൽ നിന്നും സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനും ധാരണയായി. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ച പിസിസി അധ്യക്ഷരുടെയും പാർട്ടി ജനപ്രതിനിധികളുടെയും യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.
ഈ മാസം 25ന് മുൻപ് സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കാനാണ് സംസ്ഥാന നേതൃത്വങ്ങൾക്ക് രാഹുൽ നൽകിയിരിക്കുന്ന നിർദ്ദേശം. പിസിസി അധ്യക്ഷന്മാർ മത്സര രംഗത്തിറങ്ങേണ്ട എന്നാണ് തീരുമാനമെങ്കിലും പാർട്ടി അധ്യക്ഷന് ഇക്കാര്യത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്താം. സംഘടനാ ചുമതലകൾ വഹിക്കുന്നവരുടെ കാര്യത്തിലും അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേതാവും.
https://www.facebook.com/Malayalivartha
























