നിങ്ങൾ ക്യാരീ ബാഗ് കാശ് കൊടുക്കാറുണ്ടോ? ;ഷോപ്പിംഗ് മാൾ, സൂപ്പർ മാർക്കറ്റ്, ജ്വല്ലറി, തുണിക്കട, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സാധനം വാങ്ങിയ ശേഷം ബിൽ അടിക്കുമ്പോൾ ക്യാരിബാഗുകൾക്ക് പണം കൊടുക്കരുത്; കോടതിയുടെ പുതിയ വിധി

ഷോപ്പിംഗ് മാൾ, സൂപ്പർ മാർക്കറ്റ്, ജ്വല്ലറി, തുണിക്കട, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സാധനം വാങ്ങിയ ശേഷം ബിൽ അടിക്കുമ്പോൾ ചോദ്യം വരും...
കവർ വേണോ? വേണമെന്ന് പറഞ്ഞാൽ 3 രൂപ മുതൽ മേലോട്ട് കവറിന്റെ വിലയും ചേർത്ത് ബിൽ തരും! ഇത് പ്രകൃതി സൗഹൃദ ബാഗുകളുടെ കാലമായതിനാൽ 20 രൂപ വരെ വിലയിടാറുണ്ട്, ഒരു ബാഗിന്. സ്ഥാപനത്തിന്റെ വലിയ പരസ്യം അച്ചടിച്ച കവറിൽ സാധനമിട്ട് തന്ന് നമ്മളെ യാത്രയാക്കും! പിന്നെ കടയുടെ ബ്രാന്റ് അംബാസിഡറായി നമ്മൾ മാറും. അതായത് കടയുടെ പരസ്യം ചുമന്നു കൊണ്ട് നടക്കുന്നതിന് അവർ നമുക്ക് പണം തരേണ്ടതാണ്. എന്നാൽ പണം നൽകി പരസ്യവുമായി നടക്കുകയാണ് നാം.
ഇനി ഈ പരിപാടി നടക്കില്ലെന്ന് എറണാകുളം ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിച്ചു. വിവരാവകാശ പ്രവർത്തകനായ അഡ്വ ഡി.ബി.ബിനു ഫയൽ ചെയ്ത കേസിലാണ് വിധി. കാശ് വാങ്ങിയാൽ കവറിൽ സ്ഥാപനത്തിന്റെ പരസ്യം പാടില്ലെന്നാണ് വിധി. പരസ്യമില്ലാത്ത പ്ലെയിൻ കവർ കൗണ്ടറിൽ വിൽപ്പനയ്ക്ക് ലഭ്യമാക്കിയിരിക്കുകയും വേണം. പരസ്യം പതിച്ച കവർ സൗജന്യമായി നൽകാൻ കച്ചവടക്കാരന് അവകാശമുണ്ട്, ഉപഭോക്താവ് അത് സ്വീകരിക്കാൻ തയ്യാറാണെങ്കിൽ മാത്രം! ഈ വിധിയിൽ മറ്റൊരു സംഗതി കൂടി പറഞ്ഞിട്ടുണ്ട്. കൊടുക്കുന്ന ബിൽ നല്ല കടലാസിൽ ക്വാളിറ്റിയുള്ള മഷിയുപയോഗിച്ച് തെളിച്ചമുള്ള പ്രിന്റായി വേണം നൽകാൻ. ഇപ്പോൾ പലയിടത്തുനിന്നും കിട്ടുന്ന ബിൽ വായിച്ചറിയണമെങ്കിൽ ഭൂതക്കണ്ണാടി പോരാതെ വരും!
ജനോപകാരപ്രദമായ നല്ലൊരു വിധിന്യായം. ഉപഭോക്താവിന്റെ അവകാശം ഉറപ്പിച്ച വിധി നേടിയെടുത്ത അഡ്വ ഡി.ബി ബിനുവിന് നന്ദി പറയണം.
ഇങ്ങനെയൊരു വിധിയുണ്ടെന്ന് പരമാവധി പ്രചരിപ്പിക്കുക എന്നതാണ് നമ്മുടെ കടമ. എന്നാൽ ഇതുവരെയും പലരും ഇക്കാര്യം അറിഞ്ഞിട്ടില്ല.
കടകളിലെത്തുന്നവർ തങ്ങളുടെ അടിമകളാണെന്ന ചിന്ത സംസ്ഥാനത്തെ കടയുടമകൾക്കുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ കടയുടമകൾ ഉപഭോക്താക്കളെ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്. കേരളത്തിലാകട്ടെ നേരെ തിരിച്ചാണ്. കൊള്ള ലാഭം കൊയ്യുക എന്ന ലക്ഷ്യമാണ് വ്യാപാരിസമൂഹത്തിനുള്ളത്.
എന്നാൽ ഉപഭോക്‌ത്യ കോടതി വിധി കേരളം അനുസരിക്കുമോ എന്ന് കണ്ടറിയണം. ഇത്തരം വിധികൾ ദിനപത്രങ്ങൾ പോലും പ്രസിദ്ധീകരിക്കാറില്ല. കാരണം വ്യാപാരി സമൂഹത്തിന്റെ പരസ്യങ്ങൾ കൊണ്ടാണ് ദിനപത്രങ്ങൾ പുലർന്നു പോകുന്നത്. ചാനലുകളുടെ കാര്യവും വ്യത്യസ്തമല്ല. വ്യാപാര സ്ഥാപനങ്ങൾക്കെതിരെ വാർത്ത നൽകിയാൽ ചിലപ്പോൾ പരസ്യം ലഭിച്ചില്ലെന്നു വരും. അതുകൊണ്ട് തന്നെ മാധ്യമങ്ങൾ ഇക്കാര്യം നിശബ്ദമാക്കാൻ ശ്രമിക്കും. പ്ലാസ്റ്റിക് നിരോധനത്തോടെയാണ് കേരളത്തിൽ ക്യാരി ബാഗുകൾ പണത്തിന് വിൽക്കാൻ തുടങ്ങിയത്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിൽ ചില മേഖലകളിൽ തടസമില്ല. എന്നാൽ തുണി ബാഗുകൾ പ്രോത്സാഹിപ്പിക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾ ശ്രമിക്കുന്നത്.
ബിൽ നൽകുന്ന കടലാസിൽ വ്യക്തതയില്ലെങ്കിൽ ഗ്യാരണ്ടിയിൽ നിന്നു പോലും തലയൂരാം. അതിനെതിരെയാണ് പുതിയ ഉത്തരവ് പാസാക്കിയത്. ബിൽ കൃത്യമാണെങ്കിൽ നികുതിയുടെ വിവരങ്ങൾ കൃത്യമായി അറിയാനാവും.
https://www.facebook.com/Malayalivartha

























