കാസർകോട് പെരിയ ഇരട്ടക്കൊലപാതകക്കേസ്;അന്വേഷണം നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.

കാസർഗോഡ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുട കൊലപാതക കേസ് നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ പറ്റിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻപേരെയും പിടികൂടിയെന്നാണ് ലോക്കൽ പൊലീസിന്‍റെ അവകാശവാദം. കേസില്‍ ഏഴ് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ സഹായിച്ച ചിലരെ മാത്രമാണ് പിടികൂടാനുള്ളത്. മുഖ്യപ്രതി പീതാംബരന് രാഷ്ട്രീയ വൈരം തീർക്കാൻ സുഹൃത്തുക്കളുമായി സംഘം ചേർന്ന് നടത്തിയ കൊലപാതകം എന്നാണ് റിമാൻഡ് റിപ്പോർട്ട്. തെളിവ് ശേഖരണവും പൂർത്തിയാക്കി.
ലോക്കൽ പൊലീസ് കേസ് നാളെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായതിനിടെയാണ് സർക്കാർ കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.
അതേസമയം , കേസിലെ ഉന്നത ഗൂഡാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കൊല്ലപ്പെട്ടവരുടെ കുടുംബവും . കൊലപാതകത്തെ തുടർന്ന് തകർക്കപ്പെട്ട കല്യോട്ടെ സിപിഎം പ്രവർത്തകരുടെ വീടും വ്യാപാരസ്ഥാപനങ്ങളും പാർട്ടി ജില്ലാ നേതാക്കൾ ഇന്ന് സന്ദർശിക്കും.
ഇതിനുപുറമേ , കെ സുധാകരൻ ഇന്ന് കൃപേഷിന്‍റെയും ശരത്തിന്‍റെയും വീടുകളിലെത്തും. അക്രമം നടത്തിയവർക്കെതിരെ കേസ് ശക്തമാക്കിയിട്ടുണ്ട്. ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ അടക്കമുള്ളവർ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിച്ചേക്കുമെന്ന സൂചനയും ഉണ്ട്.
https://www.facebook.com/Malayalivartha

























