9 ആശുപത്രികളുടെ പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 16.10 കോടി

ഹെല്‍ത്ത് സര്‍വീസിന് കീഴിലുള്ള 9 ആശുപത്രികളുടെ പ്രധാന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 16.10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആശുപത്രികളുടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ച് രോഗീ സൗഹൃദമായ മികച്ച അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്. കിഫ്ബി വഴിയും നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ആശുപത്രികളുടെ മുഖഛായ മാറ്റുന്ന തരത്തിലുള്ള വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രയില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കെട്ടിട നിര്‍മ്മാണത്തിനായി 2 കോടി രൂപ, ഇടുക്കി അടിമാലി താലൂക്ക് ആശുപത്രിയില്‍ പുതിയ അത്യാഹിത വിഭാഗം, ജനറല്‍ വാര്‍ഡ് എന്നിവ നിര്‍മ്മിക്കുന്നതിന് 31.50 ലക്ഷം, കോഴിക്കോട് ജില്ലാ ടി.ബി. സെന്റര്‍ പുതിയ കെട്ടിടത്തിന് 85.75 ലക്ഷം, ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന ആര്‍.സി.സി. വാട്ടര്‍ ടാങ്കിന് 1.70 കോടി, പാലക്കാട് പുതുപ്പരിയാരം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി കെട്ടിട നിര്‍മ്മാണത്തിന് 2 കോടി, തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ സൈക്യാട്രി വാര്‍ഡ് നിര്‍മ്മാണത്തിന്റെ രണ്ടാംഘട്ടമായി 5 കോടി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ചുറ്റുമതില്‍, ഗേറ്റ് തുടങ്ങിയവയ്ക്കായി 50 ലക്ഷം, പള്ളിക്കല്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മ്മാണത്തിന് 2.92 കോടി, കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയിലെ കെട്ടിട നിര്‍മ്മാണത്തിന് 81 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
https://www.facebook.com/Malayalivartha






















