വിമാനത്താവള വികസനം അദാനി മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്ന് പിണറായി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കാന്‍ അദാനി മാത്രം വിചാരിച്ചാല്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി. സര്‍ക്കാരിനെ ശത്രുപക്ഷത്താക്കി തങ്ങള്‍ വിജയശ്രീലാളിതരായിരിക്കുന്നു എന്നമട്ടില്‍ അദാനി വന്നാല്‍ സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുമെന്ന് അദാനി പോലും കരുതുന്നുണ്ടാവില്ല. ആലപ്പുഴ ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ നഗരപാതാ വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരാണ് വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുത്തു നല്‍കേണ്ടത്. ഇത്തരം കാര്യങ്ങള്‍ വിമാനത്താവള വികസനത്തെ തടസപ്പെടുത്തും. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാനത്തെ ഏല്പിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല.
ഒരു നാടകത്തിലൂടെ വിമാനത്താവളങ്ങള്‍ അദാനിയെ ഏല്പിക്കുകയും അതിന് ബിഡ്ഡിംഗ് എന്ന് പേരിടുകയുമാണുണ്ടായത്. വിചിത്രമായ കാര്യങ്ങളിലൂടെയാണ് ഈ കൈമാറ്റം നടന്നത്.
ലേലത്തില്‍ വച്ച ആറില്‍ അഞ്ചു വിമാനത്താവളങ്ങള്‍ ഒരാള്‍ക്കു തന്നെ ലഭിക്കുമ്‌ബോള്‍ പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് കാര്യങ്ങള്‍ മനസിലാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ജി. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, കളക്ടര്‍ എസ്. സുഹാസ്, ആര്‍. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha






















