പ്രതി അരുണ്‍ ആനന്ദിനെ മൂന്ന് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഏഴ് വയസ്സുകാരനെ മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുട്ടം ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൂന്നു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചതും ലൈംഗിക പീഡനത്തിനിരയാക്കിയതും യുവതിയുടെ ആദ്യ ഭര്‍ത്താവ് ബിജുവിന്‍റെ മരണവുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അരുണിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അതേ സമയം,
ഏഴു വയസുകാരന്‍റെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച നിലയിലാണ്. ഈ അവസ്ഥയില്‍ ഇനി അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാലും മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്‍റിലേറ്ററില്‍ തുടരാന്‍ അനുവദിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം അല്‍പ്പനേരത്തെക്ക് വെന്‍റിലേറ്റര്‍ മാറ്റി നോക്കിയെങ്കിലും കുട്ടിക്ക് ശ്വാസം എടുക്കാന്‍ സാധിക്കില്ലെന്ന് കണ്ടതോടെ പുനസ്ഥാപിച്ചു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം കൂടുതലായി നല്‍കാന്‍ ശ്രമിക്കുന്നുണ്ട്.
വെന്‍റിലേറ്റര്‍ മാറ്റിയാല്‍ കുട്ടിക്ക് അതിജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. രക്ത സമ്മര്‍ദം മരുന്നുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ നിലനിര്‍ത്തുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്‍റെ നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha




















