തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ എന്‍ഡിഎ ലക്ഷ്യമിടുന്നത് വിജയം മാത്രം

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ എന്‍ഡിഎ ലക്ഷ്യമിടുന്നത് വിജയം മാത്രം. കേരളത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും അനുകൂല സാഹചര്യത്തിനൊപ്പം സുരേഷ്‌ഗോപിയുടെ വ്യക്തിപ്രഭാവം കൂടി വോട്ടായിമാറിയാല്‍ തൃശൂരില്‍ എന്‍ഡിഎയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുകയില്ല. സുരേഷ് ഗോപി എത്തിയതിന്റെ ആവേശത്തിലാണ് പ്രവര്‍ത്തകര്‍.
2014 ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി നേടിയത് ഒരു ലക്ഷത്തിലധികം വോട്ട്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബിജെപിക്ക് 75000 ത്തില്‍ അധികം വോട്ട് സ്വാഭാവികമായി വര്‍ധച്ചിരിക്കാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശബരിമല ആചാരസംരക്ഷണ പ്രക്ഷോഭമുണ്ടാക്കിയ അനുകൂല രാഷ്ട്രീയ സാഹചര്യവും വോട്ടില്‍ കാര്യമായ വര്‍ദ്ധനവുണ്ടാക്കും. ഇതിനൊപ്പം സര്‍വ്വസമ്മതനും വ്യക്തിപ്രഭാവവുമുള്ള സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വവും. തൃശൂരില്‍ എന്‍ഡിഎ മുന്നേറ്റമുറപ്പിക്കുകയാണ്.
സ്ഥാനാര്‍ത്ഥിയെ മുന്‍ നിര്‍ത്തിയുള്ള പ്രചാരണം ആരംഭിച്ചില്ലെങ്കിലും ആയിരത്തോളം കുടുംബ യോഗങ്ങളിലൂടെയും ബൂത്ത് തല പ്രവര്‍ത്തനങ്ങളിലൂടെയും എന്‍ഡിഎ ഇതോടകം അടിത്തറ ഉറപ്പിച്ചു. പരമ്പരാഗത വോട്ടുകള്‍ ഭദ്രമാണ്. തുഷാര്‍ വെള്ളാപ്പള്ളി നേരിട്ട് നടത്തിയ നീക്കങ്ങളിലൂടെ എസ്എന്‍ഡിപി വോട്ടുകളുടെ അടിയൊഴുക്കും എന്‍ഡിഎയിലേക്കാണ്. സ്ഥാനാര്‍ഥി പര്യടനം കൂടി ആരംഭിക്കുന്നതോടെ രാഷ്ട്രീയാന്തരീക്ഷം എന്‍ഡിഎക്ക് നിഷ്പ്രയാസം അനുകൂലമാക്കാനാകും. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും സുരേഷ്‌ഗോപി നടത്തിയ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും കൂടി മുന്‍നിര്‍ത്തി പ്രചാരണം കൊഴുപ്പിച്ചാല്‍ എന്‍ഡിഎക്ക് വിജയം കൈപ്പിടിയിലൊതുക്കാം.
https://www.facebook.com/Malayalivartha




















