പാത്രം കഴുകുന്നതിനിടെ ഇടിമിന്നലേറ്റ് ഗൃഹനാഥയും ബന്ധുവായ ബാലനും ദാരുണാന്ത്യം

വെട്ടിക്കല്‍ കവലയ്ക്കു സമീപം വീടിന്റെ വര്‍ക്ക് ഏരിയയില്‍ പാത്രം കഴുകുന്നതിനിടെ ഗൃഹനാഥയും ഭര്‍ത്താവിന്റെ ബന്ധുവായ ബാലനും ഇടിമിന്നലേറ്റു മരിച്ചു. ആരക്കുന്നം മണീട് മണ്ടോത്തുംകുഴി ജോണിയുടെ ഭാര്യ ലിസി ജോണ്‍ (49), ജോണിയുടെ സഹോദരിയുടെ മകന്‍ കറുകപ്പിള്ളി പാറനാല്‍ അനക്‌സ് ബിജു (15) എന്നിവരാണ് മരിച്ചത്. വെട്ടിക്കല്‍ സെയ്ന്റ് എഫ്രേം പബ്ലിക് സ്‌കൂളിലെ സ്‌കൂള്‍ ബസ് െ്രെഡവറാണ് ജോണി.
ജോണിയും ഭാര്യയും മകളും കഴിഞ്ഞ ആറു വര്‍ഷത്തോളമായി വെട്ടിക്കല്‍ കവലയില്‍ ഓടിട്ട വാടക വീട്ടിലാണ് താമസം. ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. ഓടിട്ട വീട്ടിലെ തുറന്ന വര്‍ക്ക് ഏരിയയില്‍ ലിസി പാത്രം കഴുകുമ്പോള്‍ അടുത്തുനിന്ന് ആന്റിയോട് സംസാരിക്കുകയായിരുന്നു അനക്‌സ് ബിജു. ഇത്തവണ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വെക്കേഷന് അനക്‌സ് ബിജു അമ്മാവന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണെത്തിയത്. കനത്ത മഴക്കാറും ഇടിമിന്നലുമുണ്ടായിരുന്നെങ്കിലും അതു കാര്യമാക്കാതെ വീട്ടുജോലി തീര്‍ക്കുന്നതിനിടയിലായിരുന്നു ലിസിക്കും അനക്‌സിനും ഇടിമിന്നലേറ്റത്. തൊട്ടടുത്തുതന്നെയുണ്ടായിരുന്ന ലിസിയുടെ മകള്‍ ആദിയയ്ക്ക് (13) മിന്നലില്‍ ചെറിയ ഷോക്കേറ്റു.
മൂന്നു പേരെയും ഉടനെ ആരക്കുന്നം എ.പി. വര്‍ക്കി മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ലിസിയെയും അനക്‌സിനെയും രക്ഷപ്പെടുത്താനായില്ല. ആദിയയെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം മണീടിലെ ബന്ധു വീട്ടിലേക്ക് കൊണ്ടുപോയി. അനക്‌സിന്റെ പിതാവ് ബിജു കഴിഞ്ഞ വര്‍ഷവും മാതാവ് സാലി രണ്ടു വര്‍ഷം മുമ്പും മരിച്ചു. സഹോദരി അന്ന (13) കിഴക്കമ്പലത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.
"
https://www.facebook.com/Malayalivartha
























